ലണ്ടൻ: ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ചതിനെ ബ്രിട്ടൻ അപലപിച്ചു. ഹൈക്കമ്മിഷൻ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ളെവർലി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ജീവനക്കാരെ ആക്രമിച്ചവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും ഇന്ത്യൻ ഗവൺമെന്റുമായും ഹൈക്കമ്മിഷനുമായും നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ബുധനാഴ്ച നടന്ന പ്രകടനത്തിൽ ഹൈക്കമ്മിഷനിലെ ജീവനക്കാരെ ആക്രമിക്കുകയും ത്രിവർണ്ണ പതാക പറിച്ചെറിയുകയും ചെയ്തിരുന്നു. ഖാലിസ്ഥാൻ പതാക നാട്ടാനുള്ള ശ്രമം നടന്നെങ്കിലും അത് തടയുകയും ഉടൻ തന്നെ വലിയൊരു ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഖാലിസ്ഥാൻ അനുകൂലികൾ പിറ്റേന്ന് നടത്തിയ പ്രകടനം ഹൈക്കമ്മിഷന് മുന്നിലെ ബാരിക്കേഡിനടുത്ത് പൊലീസ് തടഞ്ഞു.
'' ഇന്ത്യൻ ഹൈക്കമ്മിഷൻ ഉൾപ്പെടെ എല്ലാ വിദേശ രാജ്യങ്ങളുടെയും മിഷൻ ഒാഫീസുകളുടെ സുരക്ഷ പൂർണ്ണസമയവും വളരെ ശ്രദ്ധയോടെ തുടരും. ഏതെങ്കിലും വിധത്തിലുള്ള അതിക്രമമുണ്ടായാൽ അതിശക്തമായി പ്രതികരിക്കും."" പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |