ന്യൂഡൽഹി: അയോഗ്യനാക്കിയും ജയിലിലടച്ചും തന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് രാഹുൽ ഗാന്ധിയുടെ താക്കീത്. അദാനി - മോദി ബന്ധത്തെപ്പറ്റി ചോദ്യങ്ങൾ തുടരുമെന്നും പ്രസംഗത്തിന്റെ പേരിൽ മാപ്പുപറയാൻ താൻ സവർക്കറല്ലെന്നും അയോഗ്യനാക്കിയ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഓർമ്മപ്പെടുത്തി.
' ഞാൻ ഒരു ഗാന്ധിയനാണ്. മാപ്പു പറയില്ല. അദാനിയെക്കുറിച്ച് ഇനി എന്താവും ഞാൻ പറയുകയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ടതാണ്. അതുകൊണ്ടാണ് ധൃതിപിടിച്ച് എന്നെ അയോഗ്യനാക്കിയത്. അദാനി ബന്ധത്തെപ്പറ്റി പാർലമെന്റിൽ ഞാൻ ഒരു ചോദ്യമേ ഉന്നയിച്ചുള്ളൂ. അദാനിയുടെ ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടെയാണ്? അത് അദാനിയുടേതല്ല. മോദി - അദാനി ബന്ധത്തിന്റെ തെളിവുകളും പാലമെന്റിൽ സമർപ്പിച്ചു. ഇരുവരും ഒന്നിച്ച് വിമാനത്തിൽ പോകുന്ന ഫോട്ടോ അടക്കം. അദാനിയുടെ ഇടപാടുകളിലെ ചൈനീസ് പൗരൻ ആരാണെന്നും ചോദിച്ചു. പക്ഷേ, എന്റെ പ്രസംഗം രേഖയിൽ നിന്നു നീക്കി. " - രാഹുൽ തുടർന്നു.
അദാനിക്ക് വിമാനത്താവളങ്ങൾ നൽകാനായി നിയമങ്ങൾ മാറ്റിയത് ചൂണ്ടിക്കാട്ടി സ്‌പീക്കർക്ക് കത്തു നൽകി. മറുപടി കിട്ടിയില്ല. പകരം മന്ത്രിമാർ കള്ളപ്രചാരണങ്ങൾ നടത്തി. പാർലമെന്റിൽ അതിന് മറുപടി പറയാൻ അനുവദിക്കാൻ സ്പീക്കർക്ക് കത്തു നൽകി. അദ്ദേഹത്തെ നേരിട്ടു കണ്ടു. സംസാരിക്കാൻ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഒ.ബി.സി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം. "എനിക്ക് എല്ലാ സമുദായങ്ങളും തുല്യമാണ്. ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളിലെല്ലാം ഞാൻ ആവർത്തിച്ചു പറഞ്ഞതും അതാണ്."
ലണ്ടനിൽ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് മന്ത്രിമാർ പറഞ്ഞത് കള്ളമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടണമെന്ന് പറഞ്ഞിട്ടില്ല. ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ ഇന്ത്യയുടെ പ്രശ്നമാണെന്നും അത് നമ്മൾ തന്നെ കൈകാര്യം ചെയ്യുമെന്നുമാണ് താൻ പറഞ്ഞത്.
ജയിലിനെ പേടിയില്ല
ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ പോരാട്ടം. സത്യം പറയും. ആയുഷ്‌കാലം അയോഗ്യനാക്കട്ടെ, ആയുഷ്‌കാലം ജയിലിൽ അടയ്‌ക്കട്ടെ. ജയിലിനെ പേടിയില്ല. ഭയപ്പെടുത്തി മുട്ടുകുത്തിക്കാമെന്ന് കരുതേണ്ട. ജനങ്ങൾക്കുവേണ്ടിയുള്ള ചോദ്യങ്ങൾ തുടർന്നും ചോദിക്കും. വയനാട്ടിലെ വോട്ടർമാർ കുടുംബാംഗങ്ങളാണെന്നും അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ കത്തെഴുതുമെന്നും രാഹുൽ പറഞ്ഞു.
ഒ.ബി.സി കാർഡ്
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം നഷ്‌ടമായത് ഒ.ബി.സി വിഭാഗത്തെ അപമാനിച്ചതിനാലാണെന്ന് രാജ്യവ്യാപകമായി പ്രചാരണം നടത്താനാണ് ബി.ജെ.പി നീക്കം. അദാനി - മോദി ബന്ധം ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ ബി.ജെ.പി ദേശീയ വക്താവ് രവിശങ്കർ പ്രസാദ് എം.പി നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ഒ.ബി.സി വിഭാഗത്തെ അപമാനിച്ചെന്ന സമുദായ കാർഡിറക്കിയത്. ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ വൻ പ്രചാരണം നടത്തുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ
ശിക്ഷിക്കപ്പെടണം:
ഷിൻഡെ
മാപ്പ് പറയാൻ തന്റെ പേര് സവർക്കറല്ലെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം. രാഹുൽ ഈ രീതി തുടരുകയാണെങ്കിൽ റോഡിൽ ഇറങ്ങി നടക്കുക ബുദ്ധിമുട്ടാവും.
എക് നാഥ് ഷിൻഡെ,
മഹാരാഷ്ട്ര മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |