തൃശൂർ: മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം ഫയർഫോഴ്‌സിന്റെ എൻ.ഒ.സി വാങ്ങണമെന്ന നിബന്ധന ആശുപത്രികൾ അടക്കമുളള കെട്ടിടങ്ങളുടെ ഉടമകളിൽ പലരും പാലിക്കുന്നില്ല. തീപിടിത്തത്തിന് ശേഷം പരിശോധന നടത്തുമ്പോഴാണ് മതിയായ വായുസഞ്ചാരവും രക്ഷാമാർഗങ്ങളും ഉറപ്പാക്കുന്നില്ലെന്നത് കണ്ടെത്തുന്നത്. കെട്ടിടങ്ങളിൽ ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനരഹിതമാകുന്നതും പതിവാണ്.
അഗ്‌നിശമന ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കാൻ അറിയുന്നവരും ഉണ്ടാകില്ല. കഴിഞ്ഞദിവസം ഒളരിയിലെ മദർ ആശുപത്രിയിൽ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തമുണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ വാട്ടർ സ്പ്രിങ്ക്‌ളർ പ്രവർത്തിക്കുന്നില്ലായിരുന്നുവെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഒന്നരവർഷം മുൻപ് ആശുപത്രികൾ പരിശോധിച്ച് ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നതായി ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കിയിരുന്നെങ്കിലും, പരിശോധനകൾ കടുപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പരിശോധനയിൽ ചൂണ്ടിക്കാണിക്കുന്ന അപാകതകളും ഉപകരണങ്ങളുടെ തകരാറും പരിഹരിച്ച് വേണം ഫയർ എൻ.ഒ.സി പുതുക്കാൻ. ആധുനിക നിർമ്മാണരീതികൾ തീപിടിത്തം അണയ്ക്കാൻ തടസമാകുന്നുണ്ട്. രക്ഷപ്പെടാനുളള വഴികളെയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനം അടയ്ക്കുന്നുണ്ട്.
ഷോർട്ട് സർക്യൂട്ട് എന്നും വില്ലൻ
ഭൂരിഭാഗം തീപിടിത്തങ്ങളിലും പ്രാഥമികമായ അന്വേഷണം എത്തിനിൽക്കുന്നത് 'ഷോർട്ട് സർക്യൂട്ട്' എന്ന വില്ലനിലേക്കാണ്. വൻ സുരക്ഷാ പാളിച്ചകളുള്ള കെട്ടിടങ്ങളിൽ തീപിടിച്ചുകഴിഞ്ഞാലും ഉടമകൾ പഴിചാരുക ഈ ഷോർട്ട് സർക്യൂട്ടിലാവും. അതുകൊണ്ട് എല്ലാ തീപിടിത്തങ്ങൾക്കും കാരണം ഷോർട്ട് സർക്യൂട്ട് ആകണമെന്നില്ല. കറന്റ് കടന്നു പോവുന്ന ഫേസ് വയറിലെ കമ്പി എന്തെങ്കിലും കാരണവശാൽ ന്യൂട്രൽ വയറിലെ കമ്പിയുമായി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്യൂട്ട് . അത് സാധാരണ ഈ വയറുകളിലൂടെ പ്രവഹിക്കുന്നതിന്റെ പലമടങ്ങ് ഇരട്ടി കറന്റ് പ്രവഹിക്കാൻ കാരണമാവും. ഇങ്ങനെ അമിതമായി പ്രവഹിക്കുന്ന കറന്റിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ നിങ്ങളുടെ കെട്ടിടത്തിലെ വയറിംഗിൽ ഇല്ലെങ്കിൽ അത് വയർ ഉരുകിപ്പോവാനും പരിസരത്തുള്ള തീപിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളെ കത്തിക്കാനും കാരണമാവും.
എ.സിയിൽ അടക്കം വേണം കണ്ണ്
എ.സിയാണെങ്കിലും തുടർച്ചയായി പ്രവർത്തിച്ചാൽ അകത്തെ വയറിംഗ് ചൂടായി ഉരുകി തീപ്പൊരി ഉണ്ടായേക്കാം
തീ പിടിച്ചാൽ എ.സി.യിൽ തണുപ്പുനൽകുന്ന വാതകം ചോർന്നുണ്ടാകുന്ന പുക, കാഴ്ചയും ശ്വസനവും തടസപ്പെടുത്തും.
ഉപകരണങ്ങൾക്ക് സമീപത്തെ പെട്ടെന്ന് തീപിടിക്കുന്ന കർട്ടൻ, പ്ലാസ്റ്റിക് എന്നിവയും വൻതീപിടിത്തത്തിന് വഴിയൊരുക്കും.
പഴക്കം ചെന്ന വയറിംഗും അശാസ്ത്രീയമായ വയറിംഗും നിലവാരമില്ലാത്ത വയർ ഉപയോഗിക്കുന്നതും പ്രശ്‌നമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |