മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു. നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ പ്രധാന്യമാണ് ഈ പ്രചാരണത്തിന് നൽകിയിട്ടുള്ളത്. അതിനാൽ തന്നെ ഉന്നത കോൺഗ്രസ് നേതൃത്വം ഇത് രാജ്യമെമ്പാടും വ്യാപിപ്പിക്കുവാനും സാദ്ധ്യതയേറെയാണ്.
तानाशाह आप कितने घर खाली कराओगे ? हर कांग्रेस कार्यकर्ता का घर राहुल जी का घर है।
— Ajay Rai (@kashikirai) March 28, 2023
आज हमने काशी स्तिथी आवस को श्री @RahulGandhi जी को समर्पित किया।
आइये राहुल जी काशी में आपका स्वागत है। हर हर महादेव 🙏🏻 pic.twitter.com/iOagvSFSod
തുടക്കമിട്ടത് ദേശീയ അദ്ധ്യക്ഷൻ
അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ ഡൽഹി തുഗ്ലക് ലെയ്നിലെ 12ാം നമ്പർ ഔദ്യോഗിക വസതി ഒഴിയാനാണ് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകിയത് . ഏപ്രിൽ 22നുള്ളിൽ ഒഴിയണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ തന്ത്രപരമായ മറുപടിയാണ് രാഹുൽ നൽകിയത്. ബലം പിടിക്കാൻ നിൽക്കാതെ ഇരയാക്കപ്പെടുന്നു എന്ന സന്ദേശം പരമാവധി അണികളിലും, ജനങ്ങളിലും എത്തിക്കാനാണ് ശ്രദ്ധിച്ചത്. ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയ്ക്ക് നൽകിയ മറുപടിയിൽ എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാൻ താൻ സന്നദ്ധനാണെന്ന് അറിയിച്ചു.
രാഹുലിന്റെ മറുപടിക്ക് പിന്നാലെ ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ അഭിപ്രായം മാദ്ധ്യമങ്ങൾ തേടിയിരുന്നു. രാഹുൽ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിൽ താമസിക്കും, അല്ലെങ്കിൽ എന്റെ വീട് നൽകും എന്നാണ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ഈ വാക്കുകളിൽ നിന്ന് പ്രചരണത്തിന്റെ പുത്തനായുധം കണ്ടെടുത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
ആളിക്കത്തുന്ന പ്രതിഷേധം
എം പി സ്ഥാനത്തിന് അയോഗ്യത കൽപ്പിച്ചതിന് പിന്നാലെ തിടുക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ നിന്നും രാഹുലിനെ ഇറക്കിവിടാനുള്ള തീരുമാനം കോൺഗ്രസ് പ്രവർത്തകരെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം വലിയ സംഘർഷത്തിലാണ് അവസാനിച്ചത്. ഇന്നലെ വൈകിട്ട് ചെങ്കോട്ടയിൽ നിന്ന് ടൗൺഹാളിലേക്ക് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ ശാന്തി മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് അവഗണിച്ച് മാർച്ച് നടത്താൻ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് നേതാക്കൾ ചെങ്കോട്ടയിൽ എത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ജെബി മേത്തർ എം.പി അടക്കം വനിതകളെ പൊലീസ് വലിച്ചിഴച്ച് മാറ്റി. തുടർന്ന് കോൺഗ്രസ് നേതാക്കൾ പന്തം കൊളുത്തി പ്രതിഷേധിച്ചു. പൊലീസ് പന്തങ്ങൾ പിടിച്ചുവാങ്ങി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എം.പിമാരായ ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. മോദിഅദാനി ബന്ധം ആരോപിച്ചുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു മാർച്ച്. പൊലീസ് മാർച്ചിന് ആദ്യം അനുമതി നൽകിയ ശേഷം പിന്നീട് നിഷേധിച്ചതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാന, ജില്ലാ തലങ്ങളിൽ ജയ് ഭാരത് സത്യഗ്രഹം അടക്കം രാജ്യവ്യാപകമായി ഒരുമാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാഹുൽ ഗാന്ധിക്കുണ്ടായ സ്വീകാര്യത അടുത്ത തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പാർട്ടിയിപ്പോൾ. അപ്രതീക്ഷിതമായി പ്രതിപക്ഷത്തെ വിവിധ കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണയും കോൺഗ്രസിന് പുതുഊർജ്ജമായിട്ടുണ്ട്.
വീണ്ടും കോലാറിലേക്ക്
ലോക്സഭാംഗത്വം റദ്ദാക്കുന്നതിലേക്ക് വഴി തെളിച്ച മാനനഷ്ടക്കേസിന് കാരണമായ 2019ലെ വിവാദ പ്രസംഗം നടത്തിയ കർണ്ണാടകയിലെ കോലാറിലേക്ക് വീണ്ടുമെത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് കോലാറിൽ രാഹുൽ വിവാദമായ വാക്കുകൾ പ്രസംഗിച്ചതെങ്കിൽ ഇക്കുറി അദ്ദേഹം എത്തുന്നത് കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്താണ്. ഇപ്പോൾ രാജ്യവ്യാപകമായി കോൺഗ്രസിനുണ്ടായ മുന്നേറ്റം കർണാകത്തിലെത്തുമ്പോൾ കോൺഗ്രസിന് ഡബിൾ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അർത്ഥം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിനാണ് രാഹുൽ കോലാറിലെ ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നത്. വിധിയും അയോഗ്യതയും രാഷ്ട്രീയ ചർച്ചയാക്കി തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഒരുമിച്ച് പ്രതിപക്ഷം, കരുതലിൽ ബി ജെ പി
രാഹുലിനെതിരായ നടപടി പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ധനമാകുന്നതിന്റെ സൂചനയുണ്ട്. അന്വേഷണ ഏജൻസികളുടെ പ്രത്യേകിച്ച ഇഡിയുടെ ഉൾപ്പടെയുള്ള ദുരുപയോഗത്തിനെതിരെ 14 പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ച ദിവസമായിരുന്നു രാഹുലിനെ അയോഗ്യനാക്കിയത്. ഇതോടെ ഈ പാർട്ടികൾ രാഹുലിനെതിരെയുള്ള നടപടികളെയും അപലപിക്കാൻ തയ്യാറായി. നിലവിൽ 18 പ്രതിപക്ഷ പാർട്ടികൾ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാർട്ടികൾ അടുത്ത തിരഞ്ഞെടുപ്പിൽ ഒരുമിക്കുമോ എന്നതാണ് കൗതുകത്തോടെ രാഷ്ട്രീയ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. ഇവർ ഒന്നിച്ചാൽ ബി ജെ പി തിരഞ്ഞെടുപ്പിൽ വിയർക്കുമെന്നത് ഉറപ്പാണ്.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയും ജയിലിലടച്ചും ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് രാഹുലിന്റെ അയോഗ്യതയെന്ന് ആക്ഷേപമുണ്ട്. കോൺഗ്രസുമായി അകലം പാലിച്ച മമതയും കേജ്രിവാളുമൊക്കെ പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇര എന്ന പരിവേഷത്തോടെ മൈലജുണ്ടാക്കാൻ ഇതോടെ കോൺഗ്രസ് ശ്രമം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി സൂറത്ത് കോടതിയുടെ വിധിയ്‌ക്കെതിരെയുള്ള നീക്കങ്ങൾ മന്ദഗതിയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |