ബീജിംഗ്: ചൈനയിലെ യുവജനങ്ങൾക്ക് വിവാഹിതരാവാൻ തീരെ താൽപര്യമില്ല. പ്രത്യേകിച്ചും പുരുഷന്മാർക്ക്. ഇതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. യുവജനങ്ങളുടെ ഈ താൽപര്യമില്ലായ്മ അധികം വൈകാതെ ചൈനയെ കിഴവന്മാരുടെ രാജ്യമാക്കുമെന്ന പേടി സർക്കാരിനുണ്ട്. അതിനാലാണ് ജനസംഖ്യ കൂട്ടാൻ യുവജനങ്ങളെ സ്വാധീനിക്കാനുള്ള വഴികളുമായി അധികൃതർ രംഗത്തെത്തിയത്.
കോളേജുകളെ കൂട്ടുപിടിച്ച് യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബജീവിതത്തിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമം. ആദ്യഘട്ടത്തിൽ ഏഴുകോളേജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് അവധി. പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അങ്ങനെ എത്തിയില്ലെങ്കിൽ അതിനുവേണ്ട പ്രോത്സാഹനവും നൽകും.
വെറുതേ പ്രണയിച്ച് നടന്നാൽ പോര. നൽകിയിട്ടുള്ള ഹോംവർക്കുകളും ചെയ്തിരിക്കണം. പ്രണയത്തെക്കുറിച്ചുൾപ്പടെ ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ എന്നിവയാണ് പ്രധാന ഹോംവർക്കുകൾ. ഇതെല്ലാം പരിശോധിച്ച് മാർക്കും നൽകും.
ജനസംഖ്യ കുറയുന്ന പ്രശ്നം പരിഹരിക്കാൻ പുരുഷ ധനം ഇല്ലാതാക്കൽ ഉൾപ്പടെ പലവഴികളും അധികൃതർ നോക്കിയിരുന്നു. വിവാഹം കഴിക്കാത്ത മുപ്പതിനുമേൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. ഈ നീക്കം കുറച്ചൊക്കെ പ്രയോജനം ഉണ്ടാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ ആറുപതിറ്റാണ്ടിനിടെ കഴിഞ്ഞവർഷം ജനസംഖ്യാശോഷണം രേഖപ്പെടുത്തിരുന്നു. ഇതോടെയാണ് ഭരണാധികാരികൾ അപകടം തിരിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |