
തൃശൂർ: പ്രഭാത ഭക്ഷണം കഴിച്ച് രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥനെ (25) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ചയാണ് അവണൂർ എടക്കുളം അമ്മനത്ത് വീട്ടിൽ ശശീന്ദ്രൻ മരിച്ചത്. സ്വത്ത് തർക്കത്തെത്തുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക മൂലം ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഭക്ഷ്യ വിഷബാധയേറ്റ് ശശീന്ദ്രൻ മരിച്ചെന്നായിരുന്നു സംശയിച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിൽ വിഷാംശം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചതോടെയാണ് മകനെ പൊലീസ് ചോദ്യം ചെയ്തത്.
ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാം ഭാര്യ ഗീത (42) അമ്മ കമലാക്ഷി (90) തെങ്ങുകയറ്റ തൊഴിലാളികളായ വേലൂർ തണ്ടിലം സ്വദേശി ചന്ദ്രൻ (47), മുണ്ടൂർ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രൻ (50) എന്നിവരും ഇതേ ഭക്ഷണം കഴിച്ച് ചികിത്സയിലാണ്. ഏറെനാളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. മയൂരനാഥൻ ഓൺലൈനിലൂടെ വരുത്തിയ വിഷക്കൂട്ടുപയോഗിച്ച് വീട്ടിൽ തന്നെ വിഷം തയ്യാറാക്കി പ്രഭാത ഭക്ഷണത്തിലെ കടലക്കറിയിൽ ചേർക്കുകയായിരുന്നു. മയൂരനാഥൻ മാത്രം ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷ്യവിഷബാധയാണെങ്കിൽ അര മണിക്കൂറിനുള്ളിൽ രക്തം ഛർദ്ദിച്ച് മരിക്കില്ലെന്ന നിഗമനമാണ് വഴിത്തിരിവായത്. ശശീന്ദ്രന്റെ സംസ്‌കാരത്തിന് ശേഷം മയൂരനാഥിനെ പൊലീസ് സ്റ്റേഷനിൽ വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |