കോട്ടയം . ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം മുടങ്ങിയതോടെ മേഖലയെ ആശ്രയിച്ചിരിക്കുന്ന തൊഴിലാളികളും, നിർമ്മാണ മേഖലയും പ്രതിസന്ധിയിലായി. വൻകിട ക്രഷർ യൂണിറ്റുകൾ എം സാന്റ്, ചിപ്സ്, മെറ്റിൽ തുടങ്ങിയ പാറ ഉത്പന്നങ്ങൾ മാത്രമാണ് വില്പന നടക്കുന്നത്. പാറമട ഉത്പന്നങ്ങൾക്കായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിർമ്മാണമേഖലയിലുള്ളവർ. ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെ നിർമ്മാണസാമഗ്രികളുടെ വിലയും വർദ്ധിച്ചു. ജില്ലയിൽ 35 ഓളം പാറമടകളിൽ ജനങ്ങൾക്ക് ദോഷകരമായുള്ളത് ഒൻപതെണ്ണമാണ്. ദോഷകരമല്ലാത്ത പാറമടകൾ തുറന്ന് പ്രവർത്തിച്ചാൽ കരിങ്കല്ല്, എം സാന്റ്, പി സാന്റ് എന്നിവയുടെ വിലയിൽ കുറവുണ്ടാകും. മണർകാട്, വെള്ളൂപ്പറമ്പ്, പാറമ്പുഴ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, വയലാ, അയർക്കുന്നം നെടുംകുന്നം, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പാറമടകൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പാറമട ഉത്പന്നങ്ങളെടുത്തിരുന്നത് വയലായിൽ നിന്നാണ്.
പട്ടിണിയിൽ തൊഴിലാളികൾ
അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധിപ്പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. പലർക്കും തൊഴിൽ നഷ്ടമായി. ലോറി ഉടമകൾ, ഡ്രൈവർമാർ തുടങ്ങിയവരും പ്രതിസന്ധിയിലാണ്. അന്യജില്ലകളിൽ നിന്ന് ജില്ലയിലെ യാർഡിലെത്തിക്കുന്ന ഉത്പന്നങ്ങൾ അതാത് സ്ഥലങ്ങളിലേക്ക് മാറ്റുന്നവർക്കും ഡ്രൈവർമാർക്കുമാണ് നിലവിൽ ഈ മേഖലയിൽ തൊഴിൽസാദ്ധ്യതയുള്ളത്.
അനധികൃത കടത്തിന് കുറവില്ല
പാറപൊട്ടിക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണം. എന്നാൽ രാത്രികാലങ്ങളിൽ ശബ്ദരഹിതമായി പാറപൊട്ടിച്ചെടുത്ത് ഉത്പന്നങ്ങൾ അനധികൃതമായി കടത്തുന്ന സംഘം സജീവമാണ്. പാറമട ഉടമസ്ഥരും, ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാർട്ടി നേതാക്കളും തമ്മിൽ ഇക്കാര്യത്തിൽ ധാരണയുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി ലഭിക്കുന്നത്.
ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാർ പറയുന്നു.
ജനങ്ങൾക്ക് ദോഷകരകമായി ബാധിക്കാത്ത പാറമടകൾ എങ്കിലും തുറന്നു പ്രവർത്തിച്ചാൽ നിർമ്മാണമേഖലയിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെ തടയിടാനാകും. ഇക്കാര്യം ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾക്കും, മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചിട്ടും നടപടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |