കോട്ടയം . പട്ടികജാതി , പട്ടിക വർഗ്ഗ വികസന ഫെഡറേഷന്റെ കോട്ടയത്തുള്ള ഓഫീസിന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ. എരുമേലി കനകപ്പലം ശ്രീനിപുരം വഴിപറമ്പിൽ വീട്ടിൽ ബിജുമോൻ (47) നെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹത്തിന് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ധനസഹായം ലഭിക്കുമെന്ന് മുൻപ് എസ് സി പ്രമോട്ടറായി ജോലി ചെയ്തിരുന്ന ബിജുമോൻ ഗൃഹനാഥനോട് പറഞ്ഞു. തുടർന്ന് ബിജു തയ്യാറാക്കി നൽകിയ ബില്ലുമായി ഓഫീസിൽ എത്തി അപേക്ഷ നൽകി. ഒരാഴ്ചയ്ക്ക് ശേഷം 75000 രൂപ ലഭിച്ചു. ദിവസങ്ങൾക്ക് ശേഷം പെൺകുട്ടികളുടെ വിവാഹത്തിന് അധിക ധനസഹായം ലഭിക്കുമെന്ന് കാട്ടി പട്ടികജാതി വർഗ്ഗ സഹകരണ ഫെഡറേഷൻ, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നിന്ന് ഗൃഹനാഥന് കത്ത് ലഭിച്ചു. കത്തുമായി ബിജുവിനെ ഗൃഹനാഥൻ വീണ്ടും സമീപിച്ചു.
ഈ പണം ലഭിക്കുന്നതിനായി 8000 രൂപ നൽകിയാൽ ജി എസ് ടി ബിൽ തയ്യാറാക്കി തരാമെന്ന് ബിജു പറഞ്ഞു. 4000 രൂപ ബിജുവിന് നൽകി. ബിജു തയ്യാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്തെത്തി അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു ഓഫീസ് ഇല്ലെന്നും എരുമേലിയിൽ ജി എസ് ടി ബിൽ തന്ന കട ഇല്ലെന്നും മനസ്സിലാക്കിയത്. ബിജു വ്യാജ വിലാസത്തിൽ നിന്ന് കത്തയച്ച് കബളിപ്പിച്ചതാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |