കോട്ടയം . ഈസ്റ്റർ പ്രമാണിച്ച് തുടർച്ചയായി നാല് അവധി കിട്ടിയതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ തിരക്കോട് തിരക്ക്. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലേക്കെത്തുന്നത്. കുമരകം, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളെല്ലാം ഫുള്ളാണ്. മുണ്ടക്കയം, കുമളി റോഡ്, കോട്ടയം വാഗമൺ റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ്. ജി 20 പ്രതിനിധികളുടെ യോഗം നടക്കുന്നതിനാൽ കുമരകത്ത് സുരക്ഷാ പരിശോധനയുണ്ടെങ്കിലും ടൂറിസത്തെ ബാധിച്ചിട്ടില്ല. ഹൗസ് ബോട്ടുകളിൽ തിരക്ക് കുറവാണെങ്കിലും റിസോർട്ടുകളും കോട്ടേജുകളും ഫുള്ളാണ്. എറണാകുളം കുമരകം തേക്കടി വാഗമൺ പാക്കേജ് ടൂറിനെത്തുന്നവരും ഏറെയാണ്.
ഏറെയും അന്യസംസ്ഥാനക്കാർ
വിദേശ ടൂറിസ്റ്റുകളിൽ കാര്യമായ കുറവുണ്ടെങ്കിലും അന്യസംസ്ഥാന വിനോദസഞ്ചാരികളുടെ സാന്നിദ്ധ്യം മേഖലയ്ക്ക് ഉണർവ് നൽകുകയാണ്. പതിനായിരത്തിലേറെ പേരാണ് പെസഹാ വ്യാഴവും ദുഃഖ വെള്ളി ദിനത്തിലും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയത്.
ജില്ലക്കാർ മൂന്നാറിലേയ്ക്ക്
ജില്ലയിൽ നിന്നുള്ളവർ കൂടുതലും മൂന്നാറിലാണ്. കുമരകത്ത് എത്തുന്നവർ ഇല്ലിക്കൽക്കല്ല്, വാഗമൺ എന്നിവിടങ്ങളിലേയ്ക്കും പോകുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്കും മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ, മറ്റു പൈതൃക സ്ഥലങ്ങൾ എന്നിവിടങ്ങളിലും തിരക്കാണ്. കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയും ടൂറിസം മേഖലയിൽ ഉണർവേകി.
ഇപ്പോഴത്തെ തിരക്ക് അവധിക്കാല ടൂറിസത്തിന് ഗുണകരം
ജി 20 യോഗം മൺസൂൺ ടൂറിസം സാദ്ധ്യതയ്ക്ക് പ്രതീക്ഷ
കുമരകത്ത് കൂടുതൽ റിസോൾട്ടുകൾ ഉടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |