പത്തനംതിട്ട : ഏറെ പ്രതീക്ഷയോടെ ജില്ലാ ആസ്ഥാനം കാത്തിരിക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭയുടെ തനത് വിഹിതം കൂടി ഉപയോഗിച്ച് സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് 2.0. അച്ചൻകോവിലാറാണ് പ്രധാന ജല സ്രോതസ്.
മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് ചെലവ് 21 കോടി രൂപയാണ്. ശുദ്ധീകരണ പ്ലാന്റിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന ഇൻ ടേക്ക് വെല്ലിന്റെ നവീകരണമാണ് ആദ്യഘട്ടം. ആറ്റിൽ നിന്ന് വെള്ളം കിണറ്റിലേക്ക് എത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. വെള്ളപ്പൊക്ക സമയങ്ങളിൽ വലിയ തോതിൽ ചെളി പ്രധാന കിണറ്റിലേക്ക് ഒഴുകിയെത്തി പമ്പിംഗ് മുടങ്ങാറുണ്ട്. ഇതിന് പരിഹാരമായി കിണറിന് സമീപത്തായി ഒരു കളക്ഷൻ വെൽ നിർമ്മിക്കും. ആറ്റിൽ നിന്ന് കളക്ഷൻ വെല്ലിലേക്ക് 500 മില്ലി മീറ്റർ വ്യാസമുള്ള 3 പൈപ്പുകൾ സ്ഥാപിച്ച് ഭാവിയിലെ ആവശ്യത്തിന് കൂടി ഉതകുന്ന നിലയിൽ കൂടുതൽ ജലം എത്തിക്കും. കളക്ഷൻ വെല്ലിൽ നിന്ന് രണ്ട് വലിയ പൈപ്പുകൾ സ്ഥാപിച്ച് പ്രധാന കിണറ്റിലേക്ക് വെള്ളം എത്തിക്കും. ഇതിലൂടെ പ്രധാന കിണറ്റിലേക്ക് ആറ്റിൽ നിന്ന് നേരിട്ട് ചെളിയും മറ്റ് വസ്തുക്കളും എത്തുന്നത് പൂർണമായും ഒഴിവാക്കാനാകും. ആവശ്യമാകുന്ന ഘട്ടത്തിൽ കളക്ഷൻ വെൽ മാത്രം വൃത്തിയാക്കിയാൽ മതിയാകും. മൂന്നര മീറ്റർ വ്യാസമുള്ള കളക്ഷൻ വെല്ലാണ് നിർമ്മിക്കുന്നത്. വേനൽക്കാലത്ത് ആറ്റിലെ ജലനിരപ്പ് കൂടി കണക്കാക്കിയായിരിക്കും പൈപ്പുകൾ സ്ഥാപിക്കുന്നത്.
ആധുനിക രീതിയിലുള്ള ജലശുദ്ധീകരണ ശാലയുടെ നിർമ്മാണമാണ് രണ്ടാംഘട്ടത്തിൽ. നിലവിലെ ഉൽപാദനം ഒന്നര ഇരട്ടി വർദ്ധിപ്പിക്കാൻ സാധിക്കും. ജലം ലഭിക്കാത്ത ഉയർന്ന പ്രദേശങ്ങളിൽ സംഭരണികൾ സ്ഥാപിച്ച് ശുദ്ധീകരിച്ച ജലം പമ്പ് ചെയ്ത് എത്തിക്കുകയും കൂടുതൽ വിതരണ ശൃംഖലകൾ സ്ഥാപിച്ച് എല്ലാ വീടുകളിലും കണക്ഷൻ നൽകുകയും ചെയ്യുന്ന മൂന്നാം ഘട്ട പ്രവർത്തനവും ഇതോടൊപ്പം നടപ്പാക്കും.
ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഈ ആഴ്ചയിൽത്തന്നെ ആരംഭിക്കും. ഭാവിയിൽ 20 ദശലക്ഷം ലിറ്റർ ആവശ്യമായി വരും എന്ന് കണക്കാക്കി മണിയാർ ഡാമിൽ നിന്ന് നഗരസഭയിലേക്ക് ജലം എത്തിക്കുന്ന പദ്ധതിയും ആലോചനയിലാണ്. ഇതിനായുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
അഡ്വ. ടി. സക്കീർ ഹുസൈൻ
നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |