തിരുവനന്തപുരം: തീരദേശ മേഖലയായ ചിറയൻകീഴുകാർ കാത്തിരിക്കുന്നത് തങ്ങളുടെ ആൺമക്കളെ പഠിപ്പിക്കാനൊരു പ്ലസ്ടു സ്കൂളിനു വേണ്ടിയാണ്. മത്സ്യ,കയർ,കാർഷിക വിഭാഗങ്ങളിൽ പണിയെടുക്കുന്ന സാധാരണക്കാർക്ക് മക്കളുടെ ഉപരിപഠനത്തിന് സമീപ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ. ആൺകുട്ടികൾക്ക് പഠനസൗകര്യം ഒരുക്കണമെന്ന ഒരു പതിറ്റാണ്ടോളമായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് സർക്കാർ ചെവികൊടുക്കുന്നില്ല.
ചിറയൻകീഴ് പഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്ലസ്ടു സ്കൂളില്ല.ശാർക്കര ശ്രീശാരദാ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. പ്രദേശത്തെ ആൺകുട്ടികൾ അഴൂർ,ആറ്റിങ്ങൽ,കൂന്തള്ളൂർ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഉപരിപഠനത്തിന് ചേരുന്നത്.ഇരുനൂറോളം ആൺകുട്ടികൾ എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷ പാസാവുന്ന ശ്രീ ചിത്തിരവിലാസം ബോയിസ് ഹൈസ്കൂളിൽ ഹയർസെക്കൻഡറി അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 142കുട്ടികളാണ് ഇവിടെ നിന്ന് വിജയിച്ചത്. പ്രേംനസീർ, ഭരത്ഗോപി, ജസ്റ്റിസ് ഡി.ശ്രീദേവി, ശോഭനാ പരമേശ്വരൻ നായർ, ജി.കെ.പിള്ള അടക്കം പ്രഗത്ഭർ പഠിച്ചിറങ്ങിയ സ്കൂളിന് 105വർഷത്തെ പാരമ്പര്യമുണ്ട്.സ്കൂളിന് ഹയർസെക്കൻഡറി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ആറ് കോടതി ഉത്തരവുകളുണ്ട്.ഹൈക്കോടതിയിൽ മാനേജ്മെന്റ് നൽകിയ ഹർജി പരിഗണിച്ച്,ഹയർസെക്കൻഡറി അനുവദിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചതുമാണ്. 2011ൽ തൊട്ടടുത്ത വർഷം സ്കൂളിൽ ഹയർസെക്കൻഡറി അനുവദിക്കുമെന്ന് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ പിന്നാക്കക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും കർഷകരുടെയും മക്കൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ ബോയ്സ്/ഗേൾസ് ഒൺലി സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവുള്ളതിനാൽ ചിത്തിരവിലാസം ബോയ്സ് സ്കൂളിൽ പ്ലസ്ടു അനുവദിച്ചാൽ മിക്സഡ് സ്കൂളാക്കി മാറ്റാം. ഇപ്പോൾ ആൺകുട്ടികൾക്ക് മാത്രമുള്ള സ്കൂളിൽ ഇതോടെ പെൺകുട്ടികൾക്കും പഠനസൗകര്യമുണ്ടാവും. ആറ് ബാച്ചുകൾ അനുവദിക്കണമെന്നാണ് സർക്കാരിന് മുന്നിലുള്ള ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |