ആലപ്പുഴ: വിഷുക്കണി കാണാൻ ആറുനാൾ ബാക്കി നിൽക്കെ ജില്ലയിൽ വിഷു വിപണി സജീവം. ചൂടിന്റെ പേരിലാവാം, നാടൻ വിഭവങ്ങൾ ഇക്കുറി കുറവാണ്. വരത്തൻമാരാണ് ഏറെയും. അതിനാൽ വിലയിലും ചൂട് കൂടുതലാണ്.
പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും തുണിക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കണി ഒരുക്കാനുള്ള കാർഷിക വിളകളും കൊന്നപ്പൂവും അടങ്ങിയ കിറ്റിന് 350- 450 രൂപയുണ്ട്. വിഷു കൂടുതൽ അടുക്കുന്നതോടെ വിഭവങ്ങളുടെ വിലയിൽ ഇനിയും വർദ്ധനവുണ്ടാവുമെന്ന് വ്യാപാരകൾ പറയുന്നു. വേനൽ മഴയിലെ ഇടിവ് കാർഷിക മേഖലയിൽ പ്രതിസന്ധിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് കുറച്ചെങ്കിലും മഴ കിട്ടിത്തുടങ്ങിയത്.
കണിയൊരുക്കം
ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും വെറ്റിലയും പഴുത്ത അടയ്ക്കയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്തതാണ്.
കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. വർഷം മുഴുവനും സമ്പദ്സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |