തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോേ എന്നും റിവ്യൂ ഹർജി പരിഗണിക്കവേ ലോകായുക്ത ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും സർക്കാർ ലോകായുക്തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയണമെന്നും ആർ എസ് ശശികുമാറിന്റെ അഭിഭാഷകനോട് ലോകായുക്ത പറഞ്ഞു. റിവ്യൂ ഹർജി നാളെ വീണ്ടും പരിഗണിക്കും.
കേസ് മൂന്നംഗ ബെഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ച ശേഷമാണ് കേസ് വാദത്തിനെടുത്തതെന്നും പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ മാദ്ധ്യമങ്ങളിൽ അഭിപ്രായം പറയുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണമാണെന്ന് ലോകായുക്തയും ഉപലോകായുക്തയും വിമർശിച്ചു. നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കമ്പിട്ട് കുത്താതെ പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദിഭാഗത്തിന് ഉറപ്പുണ്ടോയെന്നും ഉപലോകായുക്ത ചോദിച്ചു.
കേസിൽ ഹർജിക്കാരനായി സ്ഥിരം ഹാജരാകുന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന് ഇന്ന് എത്താനാകാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജി നാളത്തേക്ക് മാറ്റണമെന്ന് പകരമെത്തിയ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കുന്നതുമായി ബന്ധുപ്പെട്ട വിവരങ്ങൾ വൈകിയാണ് ലഭിച്ചതെന്നും, സ്ഥിരം ഹാജരാകുന്ന അഭിഭാഷകന് മറ്റ് കേസുകളുടെ തിരക്കുള്ളതിനാലാണ് ഇന്ന് ഹാജരാകാൻ സാധിക്കാത്തതെന്നും ലോകായുക്തയെ അറിയിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യത്തെ പരിഹാസത്തോടെയാണ് ലോകായുക്ത സ്വീകരിച്ചത്.
എങ്കിൽ താങ്കൾക്ക് വാദിച്ചുകൂടേയെന്ന് ലോകായുക്ത ആരാഞ്ഞു. ഹർജിക്കാരൻ എത്തിയിട്ടുണ്ടോ എന്ന് ഈ അഭിഭാഷകനോട് ലോകായുക്ത അന്വേഷിക്കുകയും ചെയ്തു. എത്തിയിട്ടില്ല എന്ന് അഭിഭാഷകൻ മറുപടി നൽകിയപ്പോൾ, അദ്ദേഹത്തിന് നേരിട്ടു വന്നു വാദിക്കാമായിരുന്നല്ലോയെന്നും ടിവിയിലൊക്കെ അദ്ദേഹം നന്നായി വാദിക്കുന്നുണ്ടല്ലോയെന്നും ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |