
പാറശാല: ഇൻസ്റ്റഗ്രാമിലൂടെ സ്‌കൂൾ വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച അഞ്ചുപേരെ പാറശാല പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം കാലടി സ്വദേശികളായ അജിൻസാം, അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണ്ണിമ ദിനേഷ്, ശ്രുതി സിദ്ധാർത്ഥ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 17ന് രാത്രിയിൽ കളിയിക്കാവിളയിൽ എത്തിയ കാമുകനും സംഘവും പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം അടുത്ത ദിവസം രാത്രി തിരികെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടു. തുടർന്ന് കാമുകന്റെ ഫോൺ ഓഫ് ആയതിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് കാമുകനെയും സഹായികളായ നാലുപേരെയും കാലടിയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.
പാറശാല പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബദുൾകലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജി.എസ്.എസ്, എ.എസ്.ഐ മിനി, എസ്.സി.പി.ഒ സാബു, സി.പി.ഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |