ന്യൂഡൽഹി: ലൈംഗിക ആരോപണത്തെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനുളള നീക്കവുമായി താരങ്ങൾ .ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും വരുംദിവസങ്ങളിലെ സമരം. ഖാപ് പഞ്ചായത്ത് ചേർന്ന് ഭാവി സമരമുറ തീരുമാനിക്കാനാണ് ഗുസ്തി താരങ്ങളുടെ നീക്കം.
ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ സർക്കാരിന് നൽകിയ സമയം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടുതൽ മാദ്ധ്യമശ്രദ്ധ നേടുന്നതിനാണ് സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്ലക്കാർഡുകളുമായി ഇന്നലെ ഐ.പി.എൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഗുസ്തി താരങ്ങൾ എത്തിയത്.ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്തില്ലെങ്കിൽ പ്രത്യഘാതം ഗുരുതരമായിരിക്കും.ഖാപ് പഞ്ചായത്തിന്റെ തീരുമാനം കടുത്തതായിരിക്കും. ഇത് ദേശവിരുദ്ധമെന്ന് പിന്നീട് മുദ്രകുത്തരുതെന്നും താരങ്ങൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിയുടെ അതിർത്തി വളയുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ സമര സമിതി ആലോചിക്കുന്നുണ്ട്. ജന്തർ മന്ദറിന് പുറത്തേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അറസ്റ്റുണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങൾ വ്യക്തമാക്കി.
അതിനിടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായേക്കും എന്ന് റിപ്പോർട്ടുണ്ട്. സമരത്തിന് കർഷകരിൽ നിന്നുൾപ്പടെ പിന്തുണ വർദ്ധിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രത്തെയും ബി ജെ പിയെയും പ്രേരിപ്പിക്കുന്നത്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കിൽ ഹരിയാനയിൽ അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നാണ് പാർട്ടിയുടെ ഭയം. കർണാടകയിൽ അധികാരത്തിൽ നിന്ന് പുറത്തായത് പാർട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.ഇനിയുമൊരു തിരിച്ചടി അവർക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. അതേസമയം, ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്താൽ യു പിയിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടായേക്കും എന്നും പാർട്ടിക്ക് ഭയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |