SignIn
Kerala Kaumudi Online
Thursday, 19 September 2024 11.21 PM IST

പെട്രോൾ പമ്പുകളിൽ മൊബൈൽഫോൺ ഉപയോഗിച്ചാൽ തീ പിടിക്കുമോ, സത്യാവസ്ഥയെന്ത്? കർണാടകയിൽ കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒരു പരിശോധന

Increase Font Size Decrease Font Size Print Page
mobile

കർണാടകയിലെ തുംകൂർ ജില്ലയിൽ പെട്രോൾ പമ്പിൽ കാനിൽ പെട്രോൾ നിറയ്ക്കുന്നതിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭവ്യയെന്ന പതിനെട്ടുകാരി കഴിഞ്ഞദിവസമാണ് മരിച്ചത്. ഭവ്യയ്‌ക്കൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

ഭവ്യയും മാതാവ് രത്നമ്മയും സ്കൂട്ടറിൽ പമ്പിലെത്തുന്നത് മുതലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്ളാസ്റ്റിക് കാനിൽ പെട്രോൾ വാങ്ങാനായാണ് ഇരുവരും എത്തിയത്. ജീവനക്കാരൻ കാനിൽ പെട്രോൾ നിറയ്ക്കുന്ന സമയത്ത് രത്നമ്മ സ്കൂട്ടറിൽ നിന്ന് കുറച്ച് അകലത്തിലും ഭവ്യ സ്കൂട്ടറിന് പുറത്ത് മൊബൈൽ ഉപയോഗിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ തീ കാനിലേയ്ക്കും പിന്നാലെ ഭവ്യയുടെ ശരീരത്തിലേയ്ക്കും പടരുകയായിരുന്നു. മൊബൈൽ ഫോണിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. യഥാർത്ഥത്തിൽ പമ്പുകളിൽ വച്ച് മൊബൈൽഫോൺ ഉപയോഗിച്ചാൽ തീ പിടിക്കുമോ? ഇക്കാര്യം പരിശോധിക്കാം.

ബോർഡും കോഡും

മിക്ക പമ്പുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന സന്ദേശത്തോടെയുള്ള വലിയ ബോർ‌ഡുകൾ കാണാറുണ്ട്. അതിന് തൊട്ടടുത്തായി തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് പണമടയ്ക്കുന്നതിനുള്ള ക്യൂ ആർ കോ‌ഡ‌ും കാണാം. എന്താണ് ഇതിന് പിന്നിലെ യുക്തിയെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. ഒരേ സ്ഥലത്ത് തന്നെ കർശനമായി ഫോൺ ഉപയോഗിക്കരുതെന്നും ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ശരിക്കും എന്താണ് ചെയ്യേണ്ടത്? പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിക്കാമോ? വണ്ടിയിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചാൽ എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ടോ?

mobile1

ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നതെന്തുകൊണ്ട്?

മൊബൈൽ ഫോൺ വഴി ആശയവിനിമയം സാദ്ധ്യമാക്കാൻ സഹായിക്കുന്നത് ഇലക്ട്രോ മാഗ്നെറ്റിക് അഥവാ വൈദ്യുത കാന്തിക തരംഗങ്ങളാണ്. ഫോണിൽ നിന്ന് ഫോണിലേക്ക് ഈ തരംഗങ്ങളിലൂടെയാണ് സിഗ്നൽ കൈമാറ്റം ചെയ്യുന്നത്. മൊബൈലിനെ നിരന്തരമായി ടവറുകളുമായി ബന്ധപ്പെടുത്തുന്നതും ഈ തരംഗങ്ങളാണ്. വണ്ടിയിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് പെട്രോൾ നീരാവിയായി ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് പോവുകയും അവിടെ തങ്ങി നിൽക്കുകയും ചെയ്യും. മൊബൈലിൽ നിന്നുള്ള വികിരണങ്ങൾക്ക് ഈ നീരാവി ജ്വലിപ്പിക്കാനോ തൊട്ടടുത്തുള്ള ലോഹ വസ്തുക്കളിൽ വൈദ്യുത പ്രവാഹങ്ങൾ ഉണ്ടാക്കാനോ കഴിയുന്ന തരത്തിലുള്ള ഊർജം പകരാൻ കഴിയുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇക്കാരണം കൊണ്ടാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സ്ഫോടനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത്. അതിനാലാണ് പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധന വയ്ക്കുന്നതും.

എന്താണ് സത്യാവസ്ഥ?

പെട്രോൾ പമ്പുകളിലെ സ്ഫോടനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളൊന്നും നിലവിലില്ല. ഇതൊരു മിഥ്യാധാരണയെന്നാണ് പൊതുവെ കരുതുന്നത്. മാത്രമല്ല ഇതുവരെ നടന്നിട്ടുള്ള പെട്രോൾ പമ്പുകളിലെ സ്ഫോടനങ്ങളൊന്നും മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതല്ലെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. ഫോണുകൾക്ക് ഊർജം നൽകുന്ന ബാറ്ററികൾ വളരെക്കുറഞ്ഞ വോൾട്ടേജിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പമ്പുകളിലുണ്ടാകുന്ന തീപ്പൊരികൾ ആളിക്കത്തിക്കാനുള്ള ശക്തി ഇവയ്ക്കില്ല.

mobile2

പഠനങ്ങൾ

അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ് സി സി) നടത്തിയ പഠനമനുസരിച്ച് മൊബൈൽ ഫോൺ കാരണം തീപിടിത്തം ഉണ്ടാകുമെന്ന തരത്തിലുള്ള വാദങ്ങൾ ശരിയാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് കണ്ടെത്തി. സെൽഫോണിൽ നിന്നുള്ള ഒരു തീപ്പൊരിക്ക് അന്തരീക്ഷത്തിലെ പെട്രോളിന്റെ നീരാവിയെ ജ്വലിപ്പിക്കാൻ കഴിയുമെന്ന കാര്യം സൈദ്ധാന്തികമായി ശരിയാണെങ്കിലും,​ അതിനുള്ള സാദ്ധ്യത വളരെക്കുറവാണെന്നും. ഇത്തരം സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എഫ് സി സി വ്യക്തമാക്കി.

അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട്, ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ, ഓസ്ട്രേലിയൻ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ എന്നീ സംഘടനകൾ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകളിലും പെട്രോൾ സ്റ്റേഷനുകളിലെ തീപിടിത്തത്തിന് സെൽ ഫോൺ കാരണമാകില്ലെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു കേസ് പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന 300 ഓളം പെട്രോൾ പമ്പ് സ്ഫോടനങ്ങൾ വിശദമായി പഠിച്ച ശേഷമാണ് അവർ റിപ്പോർട്ട് പുറത്തിറക്കിയത്. ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ പെട്രോൾ പമ്പ് തീപിടിത്തങ്ങളുടെയും കാരണം സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അഥവാ നിശ്ചല വൈദ്യുതിയാണ്. ഇടിമിന്നലിന് കാരണമാകുന്നതും ഇതേ വൈദ്യുതിയാണ്.

mobile4

ശാസ്ത്രീയ വശം

പെട്രോൾ നീരാവി കത്തിക്കാൻ ആവശ്യമായ തീപ്പൊരിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ഊർജം 0.2 മില്ലി ജൂളാണ്. പൂർണമായി ചാർജ് ചെയ്ത ഒരു മൊബൈൽ ഫോൺ ബാറ്ററിയിൽ ഇതിന്റെ അഞ്ച് ദശലക്ഷം ഊർജം അടങ്ങിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ ഈ ബാറ്ററികൾ സാധാരണ ഗതിയിൽ തീപ്പൊരി ഉണ്ടാക്കില്ല. ഫോണിന്റെ ഉൾഭാഗം അത്രത്തോളം കേട് വന്നതാണെങ്കിൽ മാത്രമേ ചാർജ് ചെയ്യുന്ന സമയത്ത് ബാറ്ററി പൊട്ടിത്തെറിക്കാനോ തീപ്പൊരി ഉണ്ടാവാനോ സാദ്ധ്യതയുള്ളു. അതിനാൽ പെട്രോൾ പമ്പിൽ വച്ച് ഫോൺ ഉപയോഗിക്കുകയോ കോൾ വിളിക്കുകയോ പണം കൈമാറ്റം ചെയ്യുകയോ ചെയ്യാം. എന്നാൽ അവിടെ വച്ച് ഫോൺ ചാർജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുകയും ചെയ്യും.

കെമിക്കൽ ബ്‌ളാസ്റ്റ്

തിരുവില്വാമലയിൽ രാത്രി മൊബൈൽ ഉപയോഗിക്കുന്നതിടെ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചത് കേരളം ഏറെ ചർച്ചചെയ്യപ്പെടട ഒരു വാർത്തയാണ്. ഈ സംഭവത്തിൽ ഫോണിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. ഇതിന് കാരണം 'കെമിക്കൽ ബ്‌ളാസ്റ്റ്' ആണെന്ന് വിദഗ്ദ്ധർ പറയുന്നത്. അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായി ബാറ്ററിയിലെ രാസവസ്തുക്കൾ പൊടുന്നനെ പൊട്ടിത്തെറിക്കുന്നതാണ് ഇത്. ബാറ്ററിയിലെ രാസവസ്തുക്കൾക്ക് അപൂർവമായി രാസമാറ്റം വന്നാണ് ഇത് സംഭവിക്കുന്നത്.

'ബോംബയിൽ" എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണിതെന്ന് പറയുന്നു. തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ പ്രതിഭാസത്തിലേക്ക് നയിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയോണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകടകാരണം. വെടിയുണ്ട കണക്കേ ഫോണിൽനിന്ന് ഇത് പുറത്തേക്ക് ചിതറും. ഡിസ്‌പ്ലേ തകർച്ച ഒഴിച്ചുനിറുത്തിയാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുകയും ഇല്ല. ബോംബയിൽ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. കുട്ടിയുടെ മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കർണാടകയിലെ തുംകൂർ ജില്ലയിൽ പമ്പിലെ തീ പിടിത്തത്തിന് ഇടയാക്കിയത് ബോംബയിൽ പ്രതിഭാസമാണോ എന്ന് അന്വേഷണത്തിലേ കണ്ടെത്താൻ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOBILE PHONES, CATCH FIRE, PETROL PUMPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.