ഇടുക്കി: കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടമലക്കുടി സന്ദർശനം ആദിവാസി ജനതക്ക് ആവേശമായി.
രാവിലെ ഏഴിന് മൂന്നാറിൽ നിന്ന് പുറപ്പെട്ട മന്ത്രി ഇഡ്ഡലിപ്പാറക്കുടിയിലെത്തുമ്പോൾ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 26 കുടികളിൽ നിന്നും മന്ത്രിയെക്കാണാനായി ഒട്ടേറെപ്പേരെത്തിയിരുന്നു. പഞ്ചായത്തിലെ ആദ്യ കുടിയായ ഇഡ്ഡലിപ്പാറക്കുടിയിലെ സ്‌കൂൾ മുറ്റത്ത് ഗ്രോതസമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയാണ് മന്ത്രി സന്ദർശനം ആരംഭിച്ചത്. തുടർന്ന് കുടിയിലെ എൽ പി സ്‌കൂളും, അങ്കണവാടിയും സന്ദർശിച്ച മന്ത്രി സ്ത്രീകളോടും കുട്ടികളോടും കുശലാന്വേഷണം നടത്തി. കമ്യൂണിറ്റി ഹാളിൽ ഒത്തുകൂടിയ കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മന്ത്രി കുടിയിലെ സൗകര്യങ്ങളും വിലയിരുത്തി. കുടിയിൽ നിന്ന് പുറത്തുപോയി പഠിക്കുന്ന കുട്ടികളുടെ പഠനവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അവർക്ക് പ്രോത്സാഹന വാക്കുകളും പകർന്ന് നൽകിയ ശേഷമാണ് സൊസൈറ്റിക്കുടിയിലെ ഉദ്ഘാടന വേദിയിലേക്ക് യാത്ര തിരിച്ചത്.
11 മണിയോടെ സൊസൈറ്റിക്കുടിയിലെത്തിയ മന്ത്രിയെക്കാത്ത് പ്രായമായവരടക്കം ഒട്ടേറെ പേർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു. മന്ത്രിയെ ആവേശത്തോടെ സ്വീകരിച്ച അവർ ആവശ്യങ്ങളും പരാതികളും പറഞ്ഞ് മന്ത്രിയുടെ ചുറ്റും കൂടി. പലർക്കും മന്ത്രിയോടൊത്ത് ചിത്രമെടുക്കണമെന്നായിരുന്നു ആവശ്യം. എല്ലാവർക്കുമൊത്ത് ചിത്രമെടുക്കാൻ സമയം കണ്ടെത്തിയ മന്ത്രി പ്രായമായവരുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായതോടെ സൗജന്യമായി രക്ത പരിശോധനകളടക്കം നടത്താനുള്ള സൗകര്യം ഉണ്ടാകുമെന്നും ഇതിന് എല്ലാവരും സജ്ജരാകണമെന്നും ഓർമ്മപ്പെടുത്തിയ മന്ത്രി കൊച്ചു കുട്ടികളെയും താലോലിച്ചു. ഉദ്ഘാടനച്ചടങ്ങിന് ശേഷം അങ്കണവാടിയിലെ കുട്ടികളോടൊപ്പം 'ഒന്നാം നാൾ ഉല്ലാസയാത്ര പോയി' എന്ന പാട്ടു പാടിയും തമാശപറഞ്ഞും ഏറെ സമയം ചിലവഴിച്ച മന്ത്രി അങ്കണവാടി ടീച്ചറോട് കുട്ടികൾക്ക് നൽകുന്ന പോഷാകാഹരങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞു. ഉച്ചക്ക് രണ്ട് മണിയോടെ കുടിയിൽ നിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |