SignIn
Kerala Kaumudi Online
Friday, 26 April 2024 11.15 PM IST

പുതിയ പാർലമെന്റിന് ശ്രീകോവിൽമോടി,​ പുത്തൻ സൂര്യോദയമെന്ന് പ്രധാനമന്ത്രി,​ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചു

mm

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണത്തിനും ഭരണകക്ഷികളുടെ ആവേശത്തിനും നടുവിൽ പ്രാർത്ഥനാഭരിതമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ട് ബാറ്റൺപ്രഭു നെഹ്രുവിന് കൈമാറിയ സ്വർണച്ചെങ്കോലിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ച ശേഷമാണ് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചത്.

ചടങ്ങിനു മുന്നോടിയായി ശൃംഗേരി മഠത്തിലെയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാർ ഗണപതിഹോമവും മറ്റു പൂജകകളും നിർവഹിച്ചു. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് പുതിയ പാർലമെന്റ് മന്ദിരം സാക്ഷിയാകുമെന്നും ഏക ഭാരതം ശ്രേഷ്‌ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത രാജ്യമാകുകയെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുമെന്നും രാജ്യത്തിന്റെ വികസനത്തിനാണ് മുഖ്യപരിഗണനയെന്നും ചരിത്രനിമിഷത്തിൽ നടത്തിയ പ്രസംഗത്തിൽ മോദി വ്യക്തമാക്കി.

പരമ്പരാഗത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി മോദി രാവിലെ 7.30ന് പാർലമെന്റ് മന്ദിരത്തിലെത്തിയത്. ഗാന്ധി പ്രതിമയ്ക്കു സമീപം വേദമന്ത്രങ്ങളുടെ അന്തരീക്ഷത്തിൽ നടന്ന മഹാഗണപതി ഹോമത്തിലും പൂജകളിലും പ്രധാനമന്ത്രിയും സ്പീക്കറുമടക്കം പങ്കെടുത്തു. പിന്നീട് ചെങ്കോലിന് സമീപമെത്തിയ പ്രധാനമന്ത്രി അതിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. തമിഴ്നാട് ശൈവമഠങ്ങളിലെ വൈദികർ നരേന്ദ്ര മോദിക്ക് ചെങ്കോൽ കൈമാറി. നാദസ്വരത്തിന്റെയും വേദമന്ത്രങ്ങളുടെയും അകമ്പടിയിൽ ഘോഷയാത്രയായി ചെങ്കോലുമായി പ്രധാനമന്ത്രി പുതിയ ലോക് സഭ ചേംബറിലെത്തി. 9.30 ന് സ്പീക്കറുടെ ചേംബറിന്റെ വലതുവശത്ത് കിഴക്കു പടിഞ്ഞാറ് ദിശയിൽ നന്ദിശില്പമുള്ള ചെങ്കോൽ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് നിലവിളക്ക് കൊളുത്തി ഭരണഘടനയുടെ പേജിന്റെ മാതൃകയിലുള്ള ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു.

മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ ഝാർഖണ്ഡിലെ മർമു അടക്കം 11 തൊഴിലാളികളെ പ്രധാനമന്ത്രി ഷാളണിയിച്ച് ആദരിച്ചു. ലോക്‌സഭ സ്പീക്കർ, ക്യാബിനറ്റ് മന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർക്കൊപ്പം സർവ്വമത പ്രാർത്ഥനയും നിർവഹിച്ചു.

മോദിക്ക് ജയ്‌വിളി

രണ്ടാം ഘട്ട ചടങ്ങിൽ പങ്കെടുക്കാനായി ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. എം.പിമാരടക്കം ജയ്‌വിളികളോടെ മോദിയെ വരവേറ്റു. വി.ഡി സവർക്കറുടെ ജന്മദിനം കൂടിയായ ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികളർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെയും സന്ദേശം രാജ്യസഭാ ഉപാദ്ധ്യക്ഷൻ ചടങ്ങിൽ വായിച്ചു. പുതിയ 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് 1.05 ന് പ്രസംഗം ആരംഭിച്ചു. രണ്ട് മണിയോടെ ചടങ്ങ് പൂർണമായി.

 ഏക ഭാരതം, എം.പിമാർ കൂടും

എം.പിമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പുതിയ പാർലമെന്റിലെ കന്നി പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചന നൽകി. ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കുമ്പോൾ അതുൾക്കൊളളാൻ പുതിയ മന്ദിരത്തിന് കഴിയും. ലോക്‌സഭ ദേശീയ പക്ഷിയായ മയിലിനെയും രാജ്യസഭ ദേശീയ പുഷ്‌പമായ താമരയെയും പ്രമേയമാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ഗ്രാനൈറ്റ് രാജസ്ഥാനിൽ നിന്നും, തടി മഹാരാഷ്ട്രയിൽ നിന്നുമാണ് കൊണ്ടുവന്നത്. ഉത്തർപ്രദേശിലെ ഭദോഹിയിൽ നിന്നാണ് പരവതാനിയെത്തിച്ചത്. മന്ദിരത്തിന്റെ ഓരോ കണികയിലും ഏക ഭാരതം ശ്രേഷ്‌ഠ ഭാരതം എന്ന ചൈതന്യമാണ് തുടിക്കുന്നതെന്നും മോദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.