തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടടക്കം ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റ ശ്രമവുമായി തടവുകാരൻ. ഊണിനൊപ്പം ജയിലിൽ വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞതിന്റെ പ്രകോപനത്തിലാണ് തടവുകാരൻ വയനാട് സ്വദേശി ഫൈജാസ് (42) അക്രമം നടത്തിയത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം.
ഊണിനൊപ്പം വിളമ്പിയ മട്ടൻ കറി കുറഞ്ഞെന്ന പേരിൽ ഫൈജാസ് ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥരെത്തിയപ്പോൾ അവരുമായി തർക്കിച്ചു. പിന്നാലെ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥലത്തെത്തിയപ്പോൾ ഫൈജാസ് ആഹാരംവച്ച പാത്രം വേസ്‌റ്റ് ബക്കറ്റിലേക്കെറിഞ്ഞു. തടയാൻ വന്ന ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റം നടത്തുകയും ഇവരെ അസഭ്യം പറയുകയും ചെയ്‌തു.
സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഫൈജാസിനെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |