ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 10 തീർത്ഥാടകർ മരിച്ചു. 57 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലായിരുന്നു സംഭവം. അമൃത്സറിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവിയിലേക്ക് പോകുകയായിരുന്ന ബസ് ഝജ്ജാർ കോട്ലി പാലത്തിൽ നിന്ന് മറിയുകയായിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്രവർ സുഖം പ്രാപിക്കട്ടെയെന്നും മുർമു പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എസ്.ഡി.ആർ.എഫ് സംഘമുൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തി. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബസിലുണ്ടായിരുന്നെന്നും അന്വേഷണം നടക്കുകയാണെന്നും ജമ്മു എസ്.എസ്.പി ചന്ദൻ കോഹ്‌ലി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ശ്രീനഗർ ജമ്മു കശ്മീർ ദേശീയപാതയിൽ ദക്ഷിണ കാശ്മീരിന് സമീപത്ത് വച്ച് ബസ് തലകീഴായി മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ അമിത വേഗത്തിലെത്തിയ ട്രക്ക് സേനാ വാഹനത്തിലിടിച്ച് മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |