റാന്നി: പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിയുടെ മൃതദേഹം ആളൊഴിഞ്ഞ വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. അങ്ങാടി അലങ്കാരത്ത് അബ്ദു ലത്തീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആഷിക്കിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു.
അങ്ങാടിയിൽ നിന്ന് പത്തുകിലോമീറ്റർ അകലെ വടശേരിക്കര പുതുശ്ശേരിമലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ ആഷിഖിന്റെ ബൈക്ക് കണ്ടെത്തിയതോടെ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ആൾമറയില്ലാത്ത കിണറിന്റെ വല പൊട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മാതാവ്: സബീന. സഹോദരങ്ങൾ: നൗഫൽ, മുഹമ്മദ് ആദിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |