വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യയിലുള്ളത് തികച്ചും ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനമെന്ന് വൈറ്റ് ഹൗസ്. ഇന്ത്യയിലെത്തുന്ന ആർക്കും ഇക്കാര്യം മനസിലാക്കാവുന്നതേ ഉള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യു.എസ് സന്ദർശിക്കാനിരിക്കെയാണ്, ഇന്ത്യയിൽ ജനാധിപത്യം മികച്ച നിലയിലാണെന്ന യു.എസ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണത്തെ തുടർന്നാണ് മോദിയുടെ യു.എസ് സന്ദർശനം.
തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളിത്തം വിലയിരുത്താൻ മോദിയുടെ യു.എസ് സന്ദർശനം അവസരമാകുമെന്നും കരീൻ ജീൻ പിയറി കൂട്ടിച്ചേർത്തു. സ്വതന്ത്രവും സമൃദ്ധവും സുരക്ഷിതവുമായ ഇൻഡോ - പസഫിക്കിനുള്ള യു.എസ് ഇന്ത്യ പങ്കിട്ട പ്രതിബദ്ധതയും പ്രതിരോധം, ഊർജ്ജം, ബഹിരാകാശം എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സാങ്കേതിക പങ്കാളിത്തം വിലയിരുത്താനും ഈ സന്ദർശനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി ഭരണത്തിൽ ജനാധിപത്യ സംവിധാനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന വിമർശനം ശക്തമാകുമ്പോഴാണ് അമേരിക്കയുടെ മറിച്ചുള്ള നിലപാടെന്നത് ശ്രദ്ധേയമാണ്.
യു.എസ് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ തങ്ങൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. സുരക്ഷ സഹകരണം, സാമ്പത്തിക ബന്ധങ്ങൾ, വ്യാപാരം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായുള്ള യുഎസിന്റെ സഹകരണം കൂടുതൽ ആഴത്തിലാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു. 'ഇന്ത്യ യു.എസിന്റെ അടുത്ത സുഹൃത്താകുന്നതിന് കാരണങ്ങൾ പലതുണ്ട്. അത് വെറുമൊരു ഉഭയകക്ഷി ബന്ധമല്ല. ഒട്ടേറെ തലങ്ങളിൽ പടർന്നു കിടക്കുന്നൊരു കൂട്ടുകെട്ടാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാനും ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി മോദി എത്തുന്നതിനെ പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അങ്ങനെ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും പങ്കാളിത്തവും ഊട്ടിയുറപ്പിക്കാമെന്നാണ് പ്രതീക്ഷ" – വേദാന്ത് പട്ടേൽ പറഞ്ഞു.
ഇന്ത്യയിൽ യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ മോദിയുടെ യു.എസ് സന്ദർശനത്തിൽ ഒപ്പ വച്ചേക്കുമെന്നാണ് സൂചന. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജി.ഇ) ആകും ഇന്ത്യയിൽ യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിടുകയെന്നാണ് സൂചന. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് ജോ ബൈഡനും ജിൽ ബൈഡനും ചേർന്ന് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കും.
കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഡൽഹിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയിരുന്നു. ഇന്ത്യക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടിയും പാകിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ജി.ഇ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായെന്നാണ് അധികൃതർ നൽകുന്ന സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ഏപ്രിലിൽ യു.എസ് സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |