മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം : വർദ്ധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറക്കുന്നത് ചർച്ചചെയ്തിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്തരം നിർദ്ദേശങ്ങൾ വന്നിരുന്നു. മറ്റ് ചർച്ചകൾ നടക്കാത്തതിനാൽ കുറയ്‌ക്കുമോ എന്ന് പറയാനാവില്ല. പെർമിറ്റ് ഫീസ് ജനങ്ങൾക്ക് അമിത ഭാരമാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുറയ്ക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഇക്കാര്യം സർക്കാർ ഗൗരവമായി എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
പഴയ അപേക്ഷകളിലും പുതുക്കിയ പെർമിറ്റ്ഫീസ് വാങ്ങിയത് പരിശോധിച്ചു. വാങ്ങിയ അധികതുക നികുതിയിൽ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിർമാണ അനുമതിക്കായി സ്വകാര്യ സോഫ്‌റ്റ്‌വെയർ വഴി നൽകുന്ന അപേക്ഷാഫീസ് സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിൽ പോകുന്നുവെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടിലാണ് പണം എത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മഴക്കാല പൂർവ ശുചീകരണത്തിൽ മുമ്പത്തെക്കാളും പുരോഗതിയുണ്ട്. മിക്ക തദ്ദേശസ്ഥാപനങ്ങളും പൂർത്തിയാക്കി. പുതിയ മദ്യനയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമാണുള്ളതെന്നും അതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാൽ വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |