ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. ഖോക്കൻ ഗ്രാമത്തിൽ ഉണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് സായുധ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സൈനികരുടെ വേഷം ധരിച്ചെത്തിയ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷവും മണിപ്പൂരിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. ഇത് വരെ 98 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കലാപത്തിനിടയിൽ ജനക്കൂട്ടം കൊള്ളയടിച്ച ആയുധങ്ങൾ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടം സേനയുടെ 4000ത്തിലധികം ആയുധങ്ങൾ കൊള്ളയടിക്കുകയും അക്രമങ്ങൾക്കുപയോഗിക്കുകയും ചെയ്തു. രണ്ട് ഘട്ടങ്ങളിലായാണ് ആയുധങ്ങൾ കൊള്ളയടിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
മേയ് അവസാനത്തോടെ രണ്ടാം ഘട്ടത്തിൽ 2500ലധികം ആയുധങ്ങൾ പൊലീസ് ക്യാമ്പുകളിൽ നിന്നും ആയുധശാലകളിൽ നിന്നും കൊള്ളയടിക്കപ്പെട്ടു. എ.കെ 47 തോക്കും മോർട്ടാർ ബോംബുകളും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശന വേളയിൽ ഈ ആയുധങ്ങൾ തിരികെയെത്തിക്കാൻ അഭ്യർത്ഥിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി 150ഓളം ആയുധങ്ങൾ തിരികെയെത്തിയിരുന്നു. ഇത് വരെ 868 ആയുധങ്ങൾ വീണ്ടെടുത്തതായാണ് വിവരം.
അതേസമയം മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിബിഐ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |