ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 296 റൺസിന് ആൾഒൗട്ട്
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ123/4, ഓസ്ട്രേലിയയ്ക്ക് 296 റൺസ് ലീഡ്
ലണ്ടൻ : ലോക ടെസ്റ്റ് കിരീടമെന്ന സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയ ഉയർത്തിയ 469 റൺസിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 296 റൺസിന് ആൾഒൗട്ടായി. 173 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി മൂന്നാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ123 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ 296 റൺസിന് മുന്നിലാണ് കംഗാരുക്കൾ.
ഇന്നലെ 151/5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയെ 296ലെത്തിച്ചത് അർദ്ധസെഞ്ച്വറികൾ നേടിയ അജിങ്ക്യ രഹാനെയുടെയും (89),വാലറ്റക്കാരൻ ശാർദൂൽ താക്കൂറിന്റെയും (51) പോരാട്ടമാണ്. രാവിലത്തെ രണ്ടാം പന്തിൽതന്നെ ശ്രീകാർ ഭരതിനെ(5) ബൗൾഡാക്കി സ്കോട്ട് ബോളണ്ട് ഇന്ത്യയ്ക്ക് ഇരുട്ടടി നൽകിയിരുന്നു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ താക്കൂർ രഹാനെയ്ക്ക് മികച്ച പിന്തുണനൽകിയതോടെ ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശ്വാസമായി. തലേന്ന് 29 റൺസുമായി നിന്ന രഹാനെയും താക്കൂറും ചേർന്ന് ലഞ്ചുവരെ പിടിച്ചുനിന്നു. 260/6 എന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്.
എന്നാൽ ലഞ്ചുകഴിഞ്ഞെത്തി രണ്ടാം ഓവറിൽ രഹാനെയ്ക്ക് മടങ്ങേണ്ടിവന്നു. 129 പന്തിൽ 11 ഫോറുകളും ഒരു സിക്സുമടക്കമാണ് രഹാനെ 89 റൺസടിച്ചത്. തന്നെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ച സെലക്ടർമാരോട് നീതിപുലർത്തിയ രഹാനെ താക്കൂറിനൊപ്പം 109റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. ഇന്ത്യൻ ഇന്നിംഗ്സിലെ ഏക സെഞ്ച്വറി കൂട്ടുകെട്ടും ഇതായിരുന്നു. രഹാനെയെ കമ്മിൻസ് പുറത്താക്കിയ ശേഷം താക്കൂർ പോരാട്ടം തുടർന്നു. ഇതിനിടയിൽ ടീം സ്കോർ 271ൽ വച്ച് ഉമേഷ് യാദവിനെ(5) നഷ്ടമായി. കമ്മിൻസിനുതന്നെയായിരുന്നു ഈ വിക്കറ്റും. 109 പന്തിൽ ആറുഫോറടക്കം 51 റൺസ് നേടിയ താക്കൂറിനെ 294ൽ വച്ച് കാമറൂൺ ഗ്രീനാണ് മടക്കിഅയച്ചത്. തുടർന്ന് ഷമിയെ(13)കാരേയുടെ കയ്യിലെത്തിച്ച് സ്റ്റാർക്ക് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു.ഓസീസിനായി ക്യാപ്ടൻ കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്ക്,ബോളണ്ട്,ഗ്രീൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിന് ഡേവിഡ് വാർണറുടെയും (1) ഉസ്മാൻ ഖ്വാജയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. നാലാം ഓവറിൽ സിറാജാണ് വാർണറെ വീഴ്ത്തിയത്.ഖ്വാജയെ 15-ാം ഓവറിൽ ഉമേഷ് യാദവ് പുറത്താക്കി. തുടർന്ന് ആദ്യ ഇന്നിംഗ്സിലെ ഹീറോസായ സ്റ്റീവൻ സ്മിത്തിനെയും (34), ട്രാവിസ് ഹെഡിനെയും (18)
പുറത്താക്കാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി. കളി നിറുത്തുമ്പോൾ 41 റൺസുമായി മാർനസ് ലാബുഷേനും ഏഴു റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ.
5000
ഇന്നലെ അർദ്ധസെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് തികച്ചു.ഈ നേട്ടത്തിലെത്തുന്ന 13-ാമത്തെ ഇന്ത്യൻ താരമാണ് രഹാനെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |