കൊച്ചി: കെ ഫോണിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് കേബിളാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേബിളിന് നിലവാരം കുറവാണെന്ന് പറഞ്ഞത് തങ്ങളല്ല, കെ ഫോണിന്റെ പാർട്ട്ണറായ കെഎസ്ഇബി തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'കെ ഫോണിനായി ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കെ ഫോണിന്റെ എംഡി പറഞ്ഞത് ഗുഡ്‌ഗാവിൽ നിർമിക്കുന്ന എൽഎസ് കേബിൾസിന്റെയും ചെന്നൈയിൽ നിർമിക്കുന്ന സ്റ്റെറിലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതല്ല കെ ഫോൺ എംഡി പറയുന്നത്. എന്നാൽ പിന്നെ എംഡിയ്ക്കെതിരെ നടപടി എടുക്കൂ. ചൈനീസ് കേബിളിന് നിലവാരം കുറവാണോ എന്ന് രാകേഷ് ചോദിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിക്കരുത് എന്ന് ഞങ്ങളല്ല കെ ഫോണിന്റെ പാർട്ട്‌ണറായ കെഎസ്ഇബിയാണ് പറഞ്ഞത്. ചൈനീസ് കേബിൾ വരുത്തിയിട്ട് എൽഎസ് കേബിളിന്റെ ലേബൽ ഒട്ടിച്ച് കൊടുക്കുകയാണ്. വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇന്ത്യൻ നിർമിത കേബിൾ തന്നെ ഉപയോഗിക്കണമെന്നുള്ളത് സർക്കാർ തന്നെ വച്ചിരിക്കുന്ന നിബന്ധനയാണ്. എന്നിട്ട് ഇപ്പോഴും ന്യായീകരിക്കുകയാണ്.'- വി ഡി സതീശൻ പറഞ്ഞു.
പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. 'എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസ് നേതാക്കളാണ്. അവർ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടി പ്രവർത്തകരുടെ പിന്തുണ എനിക്കുണ്ട്. ദേശീയ നേതൃത്വം പരിശോധിക്കട്ടെ. എല്ലാവരും ആത്മപരിശോധന നടത്തട്ടെ. പാർലമെന്റ് തിരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണം. നടപടി വേണമെന്ന് ഞാൻ പറയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പ് യോഗമില്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്.'- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |