പാരീസ്: പാരീസ് ഡയമണ്ട് ലീഗിൽ പുരുഷൻമാരുടെ ലോംഗ്ജമ്പിൽ ഇന്ത്യയുടെ മലയാളി താരം എസ്. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ലോകത്തിലെ മുൻനിരതാരങ്ങൾ മത്സരിച്ച ലോംഗ് ജമ്പ് പോരാട്ടത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാമതെത്തിയത്. ഡയമണ്ട് ലീഗിൽ ജമ്പ് ഇനങ്ങളിൽ ഒരിന്ത്യൻതാരം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത് ആദ്യമായാണ്. ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് ശ്രീശങ്കർ. ജാവലിൻ ത്രോയിലെ ഇതിഹാസം നീരജ് ചോപ്ര, ഡിസ്ക്സ് സെൻസേഷൻ വികാസ് ഗൗഡ എന്നിവരാണ് ശ്രീശങ്കറിന് മുൻപ് ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. നിലവിലെ കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് കൂടിയാണ് ശ്രീശങ്കർ.
ഒളിമ്പിക്സ് ചാമ്പ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ (8.13 മീറ്റർ) ഒന്നാം സ്ഥാനവും ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് സ്വിസ് താരം സൈമൺ ഇഹാമർ ( 8.11 മീറ്റർ ) രണ്ടാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |