തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിൽ യു.ഡി.എഫ് എം.എൽ.എമാരെയും പ്രതികളാക്കാൻ സാദ്ധ്യത. അവർ അതിക്രമം കാട്ടിയെന്ന് വിവരം കിട്ടിയാൽ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കൂടുതൽ പേരെ പ്രതിചേർക്കാൻ വിചാരണകോടതിക്ക് അധികാരമുണ്ട്.
ബാർ കോഴ ആരോപണത്തിന് വിധേയനായ ധനമന്ത്രി കെ.എം.മാണി 2015 മാർച്ച് 13ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സഭയിലുണ്ടായ അക്രമത്തിൽ തങ്ങൾക്കും പരിക്കേറ്റെന്ന് എൽ.ഡി.എഫിന്റെ അന്നത്തെ എം.എൽ.എമാരായ ഇ.എസ്.ബിജിമോൾ,എ.ഗീതാഗോപി എന്നിവർ പരാതി നൽകിയിട്ടുണ്ട്. ചികിത്സാ രേഖകൾ കുറ്റപത്രത്തോടൊപ്പം ഉണ്ടെങ്കിലും കേസിൽ സാക്ഷിയാക്കിയില്ലെന്നാണ് അവരുടെ പരാതി.
തുടരന്വേഷണത്തിന് അനുമതി തേടിയപ്പോൾ തന്നെ അനുബന്ധകുറ്റപത്രം നൽകേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കും മുൻപ് അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചതോടെ ഈ ഭാഗം ഹർജിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
അന്നത്തെ സ്പീക്കറുടെയും വാച്ച് ആൻഡ് വാർഡിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. അന്നത്തെ നിയമസഭാസെക്രട്ടറി പി.ഡി.ശാരംഗധരനാണ് ഒന്നാംസാക്ഷി. എഫ്.ഐ.ആർ എടുത്തതും അദ്ദേഹത്തിന്റെ പരാതിയിലാണ്. മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത്, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരാണ് നിലവിലെ പ്രതികൾ.
അന്ന് സഭയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് വിദൂര സാദ്ധ്യത മാത്രമാണുള്ളതെന്നും സുപ്രീംകോടതിയിൽ കേസ് പിൻവലിക്കാനുള്ള ഹർജിയിൽ സർക്കാർ വാദിച്ചിരുന്നു. എന്നാൽ പ്രതികളെല്ലാം വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |