തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ -ചലച്ചിത്ര രംഗത്തെ പ്രമുഖർ. എക്കാലത്തും ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തിനുണ്ടായത് തീരാ നഷ്ടമാണെന്നും അവർ പറഞ്ഞു.
എ കെ ആന്റണി
ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. കേരളത്തില് കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനുമുണ്ടായ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തന്റെ കുടുംബത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടവും ഉമ്മൻ ചാണ്ടിയുടെ വേർപാടാണെന്നും എ കെ ആന്റണി പറഞ്ഞു.
കെ സുധാകരന്‍
സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
വി എം സുധീരൻ
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് പുതിയമുഖം നൽകിയ വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ക്രിയാത്മകമായ കർമ്മ പദ്ധതികളിലേക്ക് വിദ്യാർത്ഥികളെ അദ്ദേഹം നയിച്ചു. തന്നെ തിരഞ്ഞെടുത്ത ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ ഉമ്മൻ ചാണ്ടി പങ്കാളിയായി. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. എംഎൽഎ എന്ന നിലയിലുള്ള അതേ ശൈലി തന്നെയായിരുന്നു മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം തുടർന്നത്. അതൊരു രാഷ്ട്രീയ നേട്ടത്തിനുള്ള ശൈലിയായിരുന്നില്ല. സാധാരണക്കാരന്റെ ആശ്രയമായിരുന്നു ഉമ്മൻ ചാണ്ടി. മനുഷ്യത്വമാണ് അദ്ദേഹത്തെ നയിച്ചതെന്നും സുധീരൻ പറഞ്ഞു.
കെ മുരളീധരന്‍
ഉമ്മൻ ചാണ്ടിയുടെ നിര്യാണം കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും നികത്താനാവാത്ത നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. കെ കരുണാകരന്റെ വിടവാങ്ങൽ ഒരു പരിധിവരെ നികത്തിയത് ഉമ്മൻ ചാണ്ടിയാണെന്നും ജനപക്ഷത്ത് നിന്നായിരുന്നു അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളെന്നും കെ മുരളീധരന്‍ പറഞ്ഞു. പലപ്പോഴും തമ്മിൽ എറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും അവസാന നാളുകളിൽ സൗഹൃദത്തിലായിരുന്നു. വടകരയിലും നേമത്തും മത്സരിച്ചത് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മോഹൻലാൽ
വ്യക്തിപരമായി വലിയ അടുപ്പം ഉമ്മൻ ചാണ്ടിയുമായി തനിക്കുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ. കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോട് ചേർത്തുപിടിച്ചുവെന്നും നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയിൽ അനുഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ഉമ്മൻചാണ്ടി എന്ന് ബാവ പറഞ്ഞു. സമാനതകളില്ലാത്ത ജനനായകനായി ഉമ്മൻചാണ്ടി അറിയപ്പെടും. മലങ്കര ഓർത്തഡോക്സ് സഭ അംഗമെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്നും ബാവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |