1946 സെപ്തംബറിൽ പൂഞ്ഞാറിൽ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിൽ കഴിയുമ്പോൾ വിഎസ് അച്യുതാനന്ദൻ പൊലീസിന്റെ പിടിയിലായി. അദ്ദേഹത്തെ ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്ന് മർദ്ദിച്ചു. ഒരു പൊലീസുകാരൻ തോക്കിന്റെ ബയണറ്റ് കാലിൽ കുത്തിയിറക്കി. ലോക്കപ്പിലേക്ക് രക്തം തെറിച്ചു. അതോടെ വിഎസ് ബോധരഹിതനായി.
ഇതിനിടയിൽ ഒരു ദിവസം, 'ഇടിയൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നാരായണപിള്ള എന്ന പൊലീസുകാരൻ ലോക്കപ്പിലേക്ക് കയറി. പിന്നെ, ഇടിയോടിടി. ഇടിയുടെ ആഘാതത്തിൽ മൂത്രതടസം നേരിട്ടു. ഇതിനിടയിൽ ബോധംകെട്ട വിഎസ് മരിച്ചുപോയെന്നാണ് പൊലീസ് കരുതിയത്. ചത്തെങ്കിൽ മൃതദേഹം കൊണ്ടുപോയി കാട്ടിൽ കളയാനായിരുന്നു നാരായണപിള്ളയുടെ കല്പന.
ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിലുണ്ടായിരുന്ന കോലപ്പൻ എന്ന് പേരുള്ള മോഷ്ടാവ് വിഎസ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. കോലപ്പൻ കരഞ്ഞു പറഞ്ഞതിനെ തുടർന്ന് പൊലീസുകാർ വിഎസിനെ പാലായിലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഎസിന്റെ പുനർജന്മമായിരുന്നു പിന്നീട്. വിഎസിനെ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് പിന്നീട് അദ്ദേഹത്തെ ആശ്രയിക്കേണ്ടിവന്നു എന്നത് കാലത്തിന്റെ മറ്റൊരു തമാശയാണ്.
തന്നെ ഇടിച്ചുപിഴിഞ്ഞ കൃഷ്ണൻനായർ എന്ന എസ്‌ഐ ജാള്യതയോടെയാണെങ്കിലും പിന്നീട് വിഎസിനെ തേടിയെത്തി. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരുന്ന കാലം. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വിഎസ്. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സിഎസ് ഗോപാലപിള്ളയുടെ കത്തുമായായിരുന്നു കൃഷ്ണൻനായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വിഎസ് ശുപാർശ ചെയ്യണം എന്നതായിരുന്നു ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |