റിയാദ്: സൗദി വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം തകർന്നുവീണു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ എയർ ബേസ് പരിധിയിൽ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ദഹ്റാനിലെ കിംഗ് അബ്ദുൾ അസീസ് എയർ ബേസിലെ പരീക്ഷണ പറക്കലിനിടയിലാണ് ടൊർണാഡോ വിഭാഗത്തിലുള്ള വിമാനം തകർന്നു വീണതെന്നാണ് ഔദ്യോഗികമായുള്ള അറിയിപ്പ്.
അതേസമയം വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നവംബർ 20 മുതൽ സൗദി അറേബ്യയിൽ നിലവിൽ വരും. വിമാനം അനിശ്ചിതമായി വൈകുക, നേരത്തേയാക്കുക, മുന്നറിയിപ്പില്ലാതെ റദ്ദാക്കുക, ഓവർ ബുക്കിംഗ് മൂലം സീറ്റ് നിഷേധിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ യാത്രക്കാരന് വിമാന ടിക്കറ്റിന്റെ ഇരട്ടിത്തുക വരെ നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം.
ടിക്കറ്റ് എടുക്കുന്നത് മുതൽ യാത്ര അവസാനിച്ച് ലഗേജ് എടുക്കുന്നതുവരെയുള്ള സേവനത്തിൽ വീഴ്ച വരുത്തുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ യാത്രക്കാരന് അവകാശമുണ്ട്. ലഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. രണ്ട് മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ വിമാന കമ്പനിക്കെതിരെ പരാതിപ്പെടാം. ഹജ്, ഉംറ യാത്രാ വിമാനങ്ങൾക്കും നിയമം ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരാമർശിക്കാത്ത സ്റ്റോപ് ഓവർ ഉണ്ടെങ്കിലും പരാതിപ്പെട്ട് നഷ്ടപരിഹാരം തേടാം. നിയമം പ്രാബല്യത്തിലാകുന്നതോടെ വിമാന സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |