കോഴിക്കോട് : മിച്ച ഭൂമിക്കേസിൽ പി.വി.അൻവർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ്. കക്കാടംപൊയിലെ വിവാദ പാർക്കിന് ഭൂമി ഉടമ്പടി ചമച്ചതിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. അൻവറും ഭാര്യയും തമ്മിലുള്ള പാർട്ണർഷിപ്പ് ഇടപാട് കെ.എൽ.ആർ ആക്റ്റിലെ 83ാം വകുപ്പ് മറികടക്കാനും ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാനുമായി ബോധപൂർവം തയ്യാറാക്കിയതാണെന്നാണ് ഓതറൈസ്ഡ് ഓഫീസറുടെ കണ്ടെത്തൽ.
1932ലെ പാട്ണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പി.വി.ആർ എന്റർട്ടെയ്ൻമെന്റ് പാട്ണർഷിപ്പ് ഫേമിനായി ഉപയോഗിച്ച രൂപയുടെ മുദ്രപത്രം കരാറിലേർപ്പെട്ട അൻവറിന്റെയും ഭാര്യയുടെയും പേരിലല്ല വാങ്ങിയത്.. ഇത് കേരള സ്റ്റാമ്പ് ആക്റ്റിലെ 30ാം വകുപ്പിന്റെ ലംഘനമാണ്. ഇതോടെ കക്കാടംപൊയിലെ പാർക്ക് പ്രവർത്തിക്കുന്നത് മിച്ചഭൂമിയിലാണെന്ന് തെളിഞ്ഞതായി പരാതിക്കാരനായ കെ.വി. ഷാജി പറഞ്ഞു. കക്കാടംപൊയിലെ പി.വി.ആർ എന്റർടൈൻമെന്റ്‌സ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി നിയമം മറികടക്കാനാണെന്നാണ് കണ്ടെത്തൽ. അൻവറിന്റെ പക്കലുള്ള 27.23 ഏക്കറിൽ 15 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ ഹാജരാക്കിയ രേഖകളും ജില്ലാ രജിസ്ട്രാർമാർ മുഖേന ലഭിച്ച രേഖകളും പരിശോധിച്ചതിൽ പി.വി. അൻവറും ആദ്യ ഭാര്യയും മക്കളും ഉൾപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി ഫാമിലി ഭൂപരിഷ്‌ക്കരണ നിയമം സെക്ഷൻ 87 (1) പ്രകാരം 2007 മാർച്ച് 23ന് തന്നെ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി കടന്നതായി ലാൻഡ് ബോർഡ് നേരത്തെ കണ്ടെത്തിയിരുന്നു.ഹൈക്കോടതി ഉത്തരവ് പ്രകാരം കേസിൽ കക്ഷിയായ ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്ററുമായ കെ.വി. ഷാജി അൻവറിന്റെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കിയിരുന്നു. ബിനാമികളുടേതുൾപ്പെടെ 50.49 ഏക്കർ ഭൂമിയുടെ രേഖകളാണ് ഹാജരാക്കിയത്.
പി.വി. അൻവറിന്റെ ഡ്രൈവറുടെയും മാനേജരുടെയും മറ്റും പേരിൽ വാങ്ങിയ ബിനാമി ഭൂമി സ്റ്റാറ്റ്യൂട്ടറി ഫാമിലിയുടെ ഭാഗമല്ലെന്നുപറഞ്ഞ് ലാൻഡ് ബോർഡ് പരിഗണിച്ചില്ല. പരിധിയിൽക്കവിഞ്ഞ ഭൂമി കൈവശം വച്ചതിനാൽ അൻവറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലായ് 19ന് സംസ്ഥാന ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവു നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാത്തതോടെ ഷാജി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ അൻവറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ആറു മാസത്തിനകം പൂർത്തീകരിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20ന് ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാത്തതോടെ വീണ്ടും കോടതി അലക്ഷ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ മിച്ച ഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് ഒന്നര വർഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നുപറഞ്ഞ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി തീർപ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് പുനരാരംഭിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയിൽ ഉപാധിരഹിതമായ മാപ്പപേക്ഷയോടൊപ്പം മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്ന് സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാരും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹൈക്കോടതി കേസ് ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |