കോട്ടയം:പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മണർകാട് യൂത്ത് കോൺഗ്രസുകാരും ഡി വൈ എഫ് ഐക്കാരും തമ്മിൽ സംഘർഷം. പിന്തിരിയാതെ ഇരുഭാഗവും പരസ്പരം പോർവിളി തുടർന്നതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിലും ലാത്തിയടിയിലും ഇരുഭാഗത്തുമുള്ള ചിലർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സി പി എം പാർട്ടി ഓഫീസിന് മുന്നിലായിരുന്നു സംഘർഷത്തിന്റെ തുടക്കം.
യൂത്തുകോൺഗ്രസുകാരുടെ വീടുകൾ ആക്രമിക്കാൻ സി പി എം ശ്രമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ തങ്ങളെ യൂത്തുകോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു എന്നാണ് ഡി വൈ എഫ് ഐക്കാർ പറയുന്നത്. പരസ്പരം വീടുകൾ ആക്രമിച്ചതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു . സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ,വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ എത്തിയിട്ടുണ്ട്. ഒരു പ്രകോപനവുമില്ലാതെ സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സംഘർഷത്തിന് അയവില്ലാത്തതിനാൽ സ്ഥലത്തേക്ക് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. ഇരുവിഭാഗത്തെയും പിരിച്ചുവിട്ട് സംഘർഷത്തിന് അയവുണ്ടാക്കാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോൾ.എൽ ഡി എഫിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന മണർകാട്ട് ജെയ്ക്ക് ഏറെ പിന്നിലായിരുന്നു. ഇവിടെ ഒരുബൂത്തിൽപ്പോലും ലീഡുണ്ടാക്കാൻ എൽ ഡി എഫിന് കഴിഞ്ഞില്ല. ഇത് മുന്നണിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |