ജയ്പൂർ: പടക്കത്തിന്റെ ശബ്ദം കേട്ട് ഭയചകിതനായ വിദേശി ഹോട്ടലിന്റെ രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി. ജയ്പൂരിലെ ജവഹർ സർക്കിളിൽ വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. നോർവീജിയൻ പൗരനായ ഫിൻ വെറ്റിലാണ് സാഹസത്തിന് മുതിർന്നത്. വീഴ്ചയിൽ ഇയാളുടെ രണ്ട് കാലുകളും ഒരു കയ്യും ഒടിഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്. ഇയാളെ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
33 കാരനായ ഫിൻ മൂന്ന് മാസത്തെ സന്ദർശക വിസയിലാണ് ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ച്ച ജവഹർ സർക്കിളിലെ ഹോട്ടലിൽ റൂമെടുത്തു. രാത്രിയിൽ ഹോട്ടലിന് സമീപമുള്ള അമ്പലത്തിൽ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടയിലായിരുന്നു ഇയാൾ റൂമിൽ നിന്ന് താഴേയ്ക്ക് ചാടിയത്. ഉറക്കത്തിനിടയിലാണ് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടതെന്നും റൂമിനുള്ളിൽ ആരോ വെടിയുതിർക്കുന്നതായി ഭയന്നാണ് താഴേയ്ക്ക് ചാടിയതെന്നുമാണ് യുവാവ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |