ന്യൂഡൽഹി: റോക്കറ്റ് പോലെ കുതിച്ചുയർന്നുകൊണ്ടിരുന്ന തക്കാളി വില അടുത്തിടെയാണ് കുറഞ്ഞത്. തക്കാളിക്ക് വില കൂടിയപ്പോൾ സമയത്ത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത്. പല കള്ളന്മാരും കച്ചവടക്കാരെ അപായപ്പെടുത്തി തക്കാളി തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വരെ നടത്തി. ഈ പ്രശ്നങ്ങൾക്കെല്ലാം മാറിവരുന്നതിനിടെയാണ് ഇപ്പോഴിതാ സാധാരണക്കാരന് തിരിച്ചടിയായി മറ്റൊരു പച്ചക്കറിക്ക് വില വർദ്ധിക്കാൻ പോകുന്നത്.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ എല്ലാ കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റികളിലെയും ലേലം താൽക്കാലികമായി നിർത്തിവച്ച് ഇവർ അനിശ്ചിതകാല പ്രതിഷേധത്തിലേയ്‌ക്ക് കടക്കുന്നതാണ് വില വർദ്ധിക്കാൻ കാരണം. ഇതിനാൽ വിപണിയിൽ ഉള്ളി ക്ഷാമവും വിലവർദ്ധനയും ഉണ്ടായേക്കാം.
ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഡിസംബർ 31 വരെ പ്രാബല്യത്തിൽ തുടരുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഇത് ഉള്ളിയുടെ കയറ്റുമതി ദുഷ്കരമാക്കുകയും കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് അവർ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി ( എപിഎംസി)കളിലും ഉള്ളിയുടെ ലേലം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി നാസിക് ജില്ലാ ഒണിയൻ ട്രേഡേഴ്സ് അസോസിയേഷൻ (എൻഡിഒടിഎ) ഭാരവാഹികൾ അറിയിച്ചു.
എന്നാൽ, സമരം ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ലേലം നിർത്തിവയ്‌ക്കുന്നത് ശരിയല്ലെന്ന് മഹരാഷ്ട്ര മന്ത്രി അബ്‌ദുൾ സത്താർ പറഞ്ഞു. സമരം ചെയ്യുന്ന വ്യാപാരികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |