സഹകരണമേഖലയ്ക്കെതിരായ നീക്കമെന്ന പ്രചാരണം ശക്തിപ്പെടുത്തും
തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടിന്റെ ചുവടുപിടിച്ച് തൃശ്ശൂർ ജില്ലയിലെ സഹ. ബാങ്കുകൾ കേന്ദ്രീകരിച്ച് ഇ.ഡി നീക്കം കടുപ്പിച്ചിരിക്കെ, രാഷ്ട്രീയപ്രതിരോധത്തിന് സി.പി.എം.
പാർട്ടി സംസ്ഥാനകമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എ.സി. മൊയ്തീനെതിരായ ഇ.ഡി നീക്കമടക്കമുള്ളവ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതും സഹകരണമേഖലയെ ആകെ കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് സി.പി.എം വിലയിരുത്തൽ. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള പ്രചാരണം ശക്തിപ്പെടുത്താനാണ് തീരുമാനം.
സഹകരണമേഖല കൈപ്പിടിയിലൊതുക്കാനായി കേന്ദ്രമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് ആസൂത്രണം ചെയ്യുന്ന പരിപാടികളുടെ തുടർച്ചയാണിപ്പോഴത്തേതെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സർക്കാർ അന്വേഷണം നടത്തിയതാണ്. എന്നിട്ടും പാർട്ടി നേതൃത്വമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് വ്യാഖ്യാനിച്ച് ഇ.ഡി രംഗത്തെത്തി. സംസ്ഥാനകമ്മിറ്റിയംഗം എ.സി. മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തതും ചോദ്യം ചെയ്തതും സി.പി.എം നേതാക്കളെ കുടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. കള്ളത്തെളിവുണ്ടാക്കാൻ ചിലരെ ചോദ്യം ചെയ്ത് മൊയ്തീന്റെ പേര് പറയാൻ ആവശ്യപ്പെടുന്നു. മൊയ്തീൻ പണം ചാക്കിൽകെട്ടി കൊണ്ടുപോകുന്നത് കണ്ടെന്ന് പറയണമെന്നും അല്ലെങ്കിൽ പുറംലോകം കാണില്ലെന്നും മകളുടെ വിവാഹനിശ്ചയം നടക്കില്ലെന്നുമൊക്കെയാണ് കൗൺസിലർ അരവിന്ദാക്ഷനോട് പറഞ്ഞത്. ഇത്തരത്തിൽ ഇ.ഡി ബലപ്രയോഗം നടത്തുന്നത് ചരിത്രത്തിലില്ലാത്തതാണ്. ഇതിന്റെ പേരിൽ അരവിന്ദാക്ഷൻ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമുണ്ടായിട്ടുണ്ട്.
കരുവന്നൂർ ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സഹകരണവകുപ്പ് നടത്തുന്നത്. ബാങ്കിന്റെ 36 കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. 100 കോടിയിലധികം രൂപ അവിടെ വിതരണം ചെയ്തിട്ടുണ്ട്.
ഇടതുപക്ഷപ്രസ്ഥാനത്തിനും സഹകരണപ്രസ്ഥാനത്തിനുമെതിരായ കടന്നാക്രമണത്തെ ശക്തമായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. സഹകാരികൾ ജാഗ്രതയോടെ ഇതിനെതിരെ രംഗത്ത് വരണം.
ആയിരക്കണക്കിന് സഹകരണസംഘങ്ങളിൽ ഭൂരിഭാഗവും അഴിമതിരഹിതമായാണ് പ്രവർത്തിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുകയെന്നത് പ്രധാനം. എന്നാൽ, അതിന്റെ പേരിൽ എ.സി. മൊയ്തീനെയും പി.കെ. ബിജുവിനെയുമൊക്കെ പ്രതികളാക്കാനായി ആളുകളെ മർദ്ദിച്ച് മൊഴിയെടുക്കുമെന്നാണെങ്കിൽ അനുവദിക്കില്ല. സി.പി.എമ്മിനൊന്നും മറച്ചുവയ്ക്കാനില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പാർട്ടിയും ബന്ധപ്പെട്ട വകുപ്പും ശ്രമിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |