പാലാ: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനം വിശ്വശാന്തി പ്രാർത്ഥനാ യജ്ഞമായി പാലാ മാതാ അമൃതാനന്ദമയി മഠത്തിൽ ആഘോഷിക്കുമെന്ന് ഭാരവാഹികളായ ബിജു കൊല്ലപ്പിളളി, സോജാ ഗോപാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 7 ന് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ലളിതാ സഹസ്രനാമ അർച്ചന, ഗുരുപാദുക പൂജ, 70 ചിരാതുകൾ തെളിയിച്ചുകൊണ്ട് ലോകത്തിന് മുഴുവൻ ശാന്തി ലഭിക്കുവാനായി വിശ്വശാന്തി പ്രാർത്ഥന തുടങ്ങിയവയ്‌ക്കൊപ്പം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ സാമൂഹിക പദ്ധതികൾക്കും അന്നേ ദിവസം തുടക്കം കുറിക്കും.
മീനച്ചിൽ താലൂക്കിലെ 70 വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ, 70 പേർക്ക് വൃക്ഷതൈ വിതരണം, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച 70 അമ്മമാരെ ആദരിക്കൽ, 70 വീടുകളിൽ വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന അമ്മയുടെ എഴുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പാലാ മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്.
27 ന് രാവിലെ 11 ന് നടക്കുന്ന സമ്മേളനത്തിൽ മുൻ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സിറിയക്ക് തോമസ്, കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ടി.വി. മുരളിവല്ലഭൻ, കേരള ഹൈക്കോടതി സെന്ററൽ ഗവ. കൗൺസിൽ അഡ്വ. രാജേഷ് പല്ലാട്ട്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അനഘ ജെ. കോലത്ത് തുടങ്ങിയവർ പങ്കെടുക്കും. പാലാ ആശ്രമത്തിലെ മഠാധിപതി ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ പരിപാടികൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |