തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻനായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിന് തൈക്കാട് ഗണേശത്തിൽ തുടക്കമായി. ഗോപാലൻനായർ ഫൗണ്ടേഷനും സൂര്യയും സംയുക്തമായാണ് 'സ്‌മരേ രേ ഗോപാലം" എന്ന പേരിൽ സംഗീതാർച്ചന സംഘടിപ്പിച്ചിട്ടുള്ളത്.
ചേർത്തല ഗോപാലൻനായരുടെ ഭാര്യയും സംഗീതജ്ഞയുമായ ലളിതാ തമ്പി, സംഗീതജ്ഞരായ കുമാരകേരളവർമ്മ, പാൽക്കുളങ്ങര അംബികാദേവി, ഡോ. ഓമനക്കുട്ടി, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ്, രാജ്മോഹൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.
ഗോപാലൻ നായരുടെ തിരഞ്ഞെടുത്ത കൃതികൾ ഉൾപ്പെടുത്തിയ 'സ്‌മരേ രേ ഗോപാലം" എന്ന പുസ്തകം ആർ.രാമചന്ദ്രൻ നായർ പ്രൊഫ. പാൽക്കുളങ്ങര അംബികാദേവിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. ഓമനക്കുട്ടി ഗോപാലൻ നായരെ അനുസ്മരിച്ചു. ഭാവ- രാഗ- താള സമന്വയമായിരുന്നു ഗോപാലൻ നായരുടെ കീർത്തനങ്ങളെന്നും മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെടുന്ന കാലത്ത് സ്മരിക്കപ്പെടേണ്ട പേരാണ് അദ്ദേഹത്തിന്റേതെന്നും അവർ പറഞ്ഞു. തുടർന്ന് ഗോപാലൻനായർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ മലയാള കീർത്തനങ്ങൾ പ്രശസ്ത സംഗീതജ്ഞരായ കെ.കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവർ അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് 6.45ന് ശ്രീവത്സൻ.ജെ.മേനോനും നാളെ വൈകിട്ട് 6.45ന് പി.ഉണ്ണിക്കൃഷ്ണനും സംഗീതക്കച്ചേരി അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |