ന്യൂഡൽഹി: കാനഡയും ഇന്ത്യയും തമ്മിലുളള നയതന്ത്ര ബന്ധം വഷളായത് രാജ്യത്തെ പയർ വർഗങ്ങളുടെ വിലക്കറ്റത്തിന് ഇടയാക്കിയേക്കുമെന്ന് ആശങ്ക. ഇന്ത്യയിലേക്കുള്ള പയർ ഇറക്കുമതിയുടെ പകുതിയിൽ കൂടുതലും കാനഡയിൽ നിന്നാണ്. ഇപ്പോൾത്തന്നെ കാനഡയിൽ നിന്നുള്ള ഇറക്കുമതിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക നിർദ്ദേശങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഉത്പാദനം മോശമായതിനാൽ ഇന്ത്യയിൽ പയർ വർഗങ്ങൾക്ക് വില കൂടുതലാണ്. ഇറക്കുമതി കുറയുന്നത് വീണ്ടും വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്നാണ് ആശങ്ക. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വഷളായത് വ്യാപാര നിയന്ത്രണങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന് ആശങ്കപ്പെടുന്നതായി പ്രധാന ഇറക്കുമതിക്കാരായ ഒലാം അഗ്രി ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് നിതിൻ ഗുപ്ത പറഞ്ഞു.കാനഡയെ പയർവർഗങ്ങൾക്ക് ആശ്രയിക്കുന്നതിന് പകരം ഓസ്ട്രേലിയപോലുളള മറ്റുരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിക്കുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ഇറക്കുമതി നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ഭയമുണ്ട്.
എന്നാൽ ഇത്തരം ആശങ്കകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും ഇന്ത്യയുമായുള്ള വ്യാപാരത്തെ ബാധിക്കുന്ന ഒരു നടപടിയും രാജ്യം സ്വീകരിക്കില്ലെന്നുമാണ് കനേഡിയർ അധികൃതർ പറയുന്നത്. നയതന്ത്ര തർക്കങ്ങൾക്കിടയിലും പ്രതിരോധത്തിലും സുരക്ഷയിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുവെന്ന് സൂചന നൽകി കനേഡിയൻ ഡെപ്യൂട്ടി ആർമി ചീഫ് മേജർ ജനറൽ പീറ്റർ സ്കോട്ട് ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനിക മേധാവികളുടെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആരോപണം ഇന്ത്യയുമായുള്ള സൈനിക ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കാനഡയ്ക്കും ഇന്ത്യയ്ക്കും മറ്റ് പങ്കാളികൾക്കും പങ്കുണ്ട്" ദ്വിദിന യോഗത്തിൽ സ്‌കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഖാലിസ്ഥാൻ നേതാവ് നിജ്ജറിനെ വധിച്ചത് ആറു പേർ ചേർന്നെന്ന റിപ്പോർട്ട് പുറത്തുവന്നു.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ ഗുരുദ്വാരയുടെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. 90 സെക്കൻഡുള്ള ഈ വിഡിയോ ദൃശ്യങ്ങളാണ് വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ചത്.
അതേസമയം,ദൃക്സാക്ഷികളിലൊരാളായ ഭുപീന്ദർജിത്ത് സിംഗിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുദ്വാരയിലെ സന്നദ്ധ പ്രവർത്തകനായ ഭുപീന്ദർസിംഗ് ഫുട്ബാൾകളിക്കുന്നതിനിടയിലാണ് വെടിയൊച്ച കേൾക്കുന്നത്. നിജ്ജാറിന്റെ ട്രക്കിനു സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദർ ഡ്രൈവറുടെ ഭാഗത്തെ ഡോർതുറന്ന് നിജ്ജാറിനെ കുലുക്കി വിളിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.
രക്തവും തകർന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയിൽ ബുള്ളറ്റുകൾവാരി വിതറിയ നിലയിലായിരുന്നു. ഈ സമയം തന്നെ ഗുരുദ്വാരയിലെ മറ്റൊരു നേതാവായ ഗുർമീത് സിംഗ് പിക്ക്അപ്പ് വാനുമായി അവിടെയെത്തി. അതിൽ ചാടിക്കയറി കൊലപാതകികൾ പോയ ദിക്കു നോക്കി അവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽവൻപദ്ധതി ആസൂത്രണം നടന്നുവെന്ന് ഭുപീന്ദർസിംഗ് പറഞ്ഞുവെന്നും റിപ്പോർട്ടിൽപറയുന്നു.
ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജറിന്റെ കൊലപാതകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |