കളമശേരി: ഫുഡ് സേഫ്‌റ്റി ഓഫീസർ ചമഞ്ഞ് കടകളിൽ നിന്ന് പണപ്പിരിവ് നടത്തിയ കൊല്ലം പത്തനാപുരം പാതരിക്കൽ ഇടത്തറ തച്ചൻകോട് പുത്തൻവീട്ടിൽ താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശി മനു മുഹരാജ് (47) പിടിയിലായി. കഴിഞ്ഞ ബുധനാഴ്ച ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപം മലബാർ ഹോട്ടലിൽ ഒരു ടാക്സി കാറിൽ എത്തിയ ഇയാൾ ഹോട്ടലിൽ പരിശോധന നടത്തി, അടുക്കള വൃത്തിഹീനമാണെന്ന് പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി പണം വാങ്ങി.
പണം കൈപ്പറ്റിയ ശേഷം അതേ ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് സ്ഥലം വിട്ടു. സമീപത്തുള്ള റോയൽ സ്വീറ്റ്സ് ബേക്കറിയിൽ എത്തി കബളിപ്പിക്കാൻ ശ്രമിച്ചു. ഇയാൾ വന്ന ടാക്സിയുടെ പണം കൊടുക്കാൻ ആവശ്യപ്പെട്ടതോടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബേക്കറി ഉടമ ഐ. ഡി കാർഡ് ആവശ്യപ്പെട്ടു. തുടർന്ന് കാറിൽ ഓടി കയറി രക്ഷപ്പെടുകയായിരുന്നു.
തട്ടിപ്പിനിരയായ ഹോട്ടലുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശേരി പൊലീസ് പ്രതിയെ പത്തനാപുരത്ത് വച്ച് പിടികൂടി. വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. യുവതിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും ഇയാളുടെ പേരിൽ കേസുണ്ട്. ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുധീർ, അജയകുമാർ സീനിയർ സി.പി.ഒ അനിൽ കുമാർ, രതീഷ് കുമാർ, സിനു ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |