കൊച്ചി: ഉത്തരകൊറിയയിലെ കൊടുംതണുപ്പിൽ ശരീരസൗന്ദര്യ മത്സരത്തിലെ ലോകചാമ്പ്യൻപട്ടം കഴുത്തിലണിഞ്ഞ മട്ടാഞ്ചേരി സ്വദേശി അശ്വിൻ ഷെട്ടിക്ക് മുന്നിൽ മുട്ടുമടക്കിയത് എതിരാളികൾ മാത്രമല്ല, കാലിന് ഗുരുതരപരിക്ക് സമ്മാനിച്ച വിധികൂടിയായിരുന്നു. റെയിൽവേയിൽ ജോലിയുണ്ടെങ്കിലും ബോഡി ബിൽഡിംഗിന് നൽകുന്ന സഹായം പരിമിതമായതിനാൽ കൂട്ടുകാരിൽനിന്ന് കടംവാങ്ങിയും വായ്പയെടുത്തുമായിരുന്നു മുൻ മിസ്റ്റർ ഏഷ്യ കൂടിയായ അശ്വിൻ കൊറിയയിലേക്ക് പറക്കാൻ പണം കണ്ടെത്തിയത്.
ഗുസ്തിതാരമായിരുന്ന അശ്വിൻ മഹാരാജാസ് കോളേജിൽ ഡിഗ്രി മൂന്നാംവർഷം പഠിക്കുമ്പോഴാണ് ശരീരസൗന്ദര്യ മത്സരരംഗത്തേയ്ക്ക് തിരിയുന്നത്. ആവർഷം 65 കിലോഗ്രാം വിഭാഗത്തിൽ എം.ജി യൂണിവേഴ്സിറ്റി ചാമ്പ്യനായി. ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞെങ്കിലും നിർദ്ധന കുടുംബാംഗമായതിനാൽ വെല്ലുവിളികൾ ഏറെയായിരുന്നു. പഠനത്തോടൊപ്പം ജിമ്മിൽ ട്രെയിനറായി. ചെറുസമ്പാദ്യം സ്വരുക്കൂട്ടി തുടർച്ചയായി രണ്ടുവർഷം യൂണിവേഴ്സിറ്റി ചാമ്പ്യനായി. കാൽമുട്ടിലെ മസിലിന് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഒരുവർഷം വിശ്രമിച്ചതോടെ തളർന്നു.
2014ൽ അശ്വിൻ ജിമ്മിലേക്ക് മടങ്ങിയെത്തി. ആവർഷം മിസ്റ്റർ കേരളയും മിസ്റ്റർ യൂണിവേഴ്സിറ്റി യൂണിയനുമായി. റെയിൽവേയിൽ ക്ലാർക്കായതോടെ കൂടുതൽ അവസരങ്ങളായി. കുടുംബത്തെ കരകയറ്റാനുള്ള പിടിവള്ളിയും. എന്നാൽ ബോൽഡി ബിൽഡിംഗിന് ഭക്ഷണത്തിനായും മറ്റും വരുന്ന വലിയ ചെലവ് വെല്ലുവിളിയായി. നാലുവട്ടം തുടർച്ചയായി മിസ്റ്റർ റെയിൽവേ, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി. മിസ്റ്റർ യൂണിവേഴ്സിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. കൊച്ചിയിൽ സ്വന്തമായി ജിമ്മെന്ന സ്വപ്നവും മനസിലുണ്ട്. ഭഗവതിപ്പറമ്പിൽ ആർ.എസ്. അനിൽകുമാർ, ആശ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി അശ്വതി ഖുറാഷിൽ ദേശീയതലത്തിൽ വെള്ളി നേടിയിട്ടുണ്ട്. മുൻ മിസ്റ്റർ ഏഷ്യ അനസ് ഹുസൈനാണ് പരിശീലകൻ.
ദിവസം 1500 രൂപ
16 കോഴിമുട്ട. 500ഗ്രാം ചിക്കൻ. 250ഗ്രാം മീൻ. ചോറ്, ഗോതമ്പ്, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിങ്ങനെ നീളുന്നു ഭക്ഷണമെനു. ആദ്യമെല്ലാം അമ്മയാണ് ഭക്ഷണം പാകംചെയ്ത് നൽകിയിരുന്നത്. ഇപ്പോൾ സ്വന്തമായാണ് കുക്കിംഗ്. 1500 രൂപയാണ് ഒരുദിവസത്തെ ചെലവ്. ആറുമാസമാണ് ഭക്ഷണം ക്രമീകരിക്കുന്നത്.
5 മണിക്കൂർ
രാവിലെ രണ്ടുമണിക്കൂറും വൈകിട്ട് മൂന്നുമണിക്കൂറുമാണ് പരിശീലനം. അശ്വിന്റെ മിസ്റ്റർവേൾഡ് നേട്ടം റെയിൽവേയും ആഘോഷിച്ചു. വലിയനേട്ടം കൈവരിച്ചെങ്കിലും തന്നെ അഭിനന്ദിക്കാൻ ജനപ്രതിനിധികൾ ആരും എത്താതിരുന്നതിൽ അശ്വിന് സങ്കടമുണ്ട്.
''മയക്കുമരുന്ന് വ്യാപനം തടയാൻ കുട്ടികളെ കായികരംഗത്തേയ്ക്ക് കൈപിടിച്ച് നടത്തുകയും അവർക്കുവേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യണം.""
അശ്വിൻ ഷെട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |