കൊച്ചി: അസംസ്‌കൃത എണ്ണയുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് വിദേശ ആശ്രയത്വം കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് പ്രതിമാസ ക്രൂഡോയിൽ ഉത്പാദനം 2.2 ശതമാനം ഉയർന്ന് 25 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി), ഓയിൽ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് പ്രധാനമായും അസംസ്‌കൃത എണ്ണയുടെ ഉത്പാദനത്തിൽ മികച്ച വളർച്ച നേടിയത്.
ഇതോടെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി ബാധ്യതയിൽ മൂന്ന് ശതമാനത്തിലധികം കുറവുണ്ടായെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു. ഏപ്രിൽ മുതൽ സെപ്തംബർ ആറ് മാസത്തിൽ ക്രൂഡ് ഇറക്കുമതി 2.5 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി ബിൽ 980 കോടി ഡോളറായിരുന്നു. മുൻവർഷം ഇതേ കാലയളവിൽ ക്രൂഡ്, പ്രകൃതി വാതക ഇറക്കുമതിക്കായി ഇന്ത്യ 1580 കോടി ഡോളറാണ് മുടക്കിയിരുന്നത്. അതേസമയം ജൂലായിൽ 410 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ കയറ്റി അയച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് ശരാശരി 79 ഡോളറായി കുറഞ്ഞു.
ആഗോള മേഖലയിലെ അനിശ്ചിതത്വം ശക്തമായതിനാൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ അസാധാരണമായി ശക്തിയാർജിച്ചതോടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ ഉത്പാദനത്തിൽ മികച്ച വർദ്ധന ദൃശ്യമാകുന്നതെന്ന് അനലിസ്റ്റുകൾ പറയുന്നു. റഷ്യയിൽ നിന്ന് മികച്ച വില ഇളവോടെ ക്രൂഡോയിൽ വാങ്ങി കൂട്ടിയതിനൊപ്പം ആഭ്യന്തര ഉത്പാദനം കൂടി വർദ്ധിച്ചതോടെ ഇന്ത്യയുടെ വ്യാപാര കമ്മി മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |