കോഴിക്കോട്: ഐ ലീഗിൽ നാലാം ജയം തേടി ഗോകുലം കേരള എഫ്.സി ഇന്ന് പഞ്ചാബിലെ നംധാരി എഫ്.സിയെ നേരിടും. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. ഷില്ലോംഗ് ലജോംഗിനോട് തോൽവിയും ഹോംഗ്രൗണ്ടിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ സമനിലയും നേരിട്ട മുൻ ചാമ്പ്യൻമാർക്ക് ലീഗിൽ മുന്നേറാൻ ഇന്ന് വിജയം അനിവാര്യമാണ്. മുന്നേറ്റ നിരയിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ മിന്നും ഫോമിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. ഗോൾ വേട്ടക്കാരിൽ ഒന്നാമതുള്ള സ്പാനിഷ് താരം ഇതുവരെ ഒമ്പത് ഗോളുകളാണ് അടിച്ചുകൂട്ടിയത്. അതേസമയം, ഐ ലീഗിൽ മോശം ഫോമിലുള്ള നംധാരി എഫ്.സിയ്ക്ക് ഇതുവരെ ഒരുകളി മാത്രമാണ് വിജയിക്കാനായത്. നിലവിൽ ആറുകളിയിൽ മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി 11 പോയന്റുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്. ആറുകളിയിൽ നാല് പോയന്റ് മാത്രമുള്ള നംധാരി 11ാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |