SignIn
Kerala Kaumudi Online
Monday, 14 September 2026 3.02 PM IST

ആയുർവേദ ഫെസ്റ്റിൽ ക്ലിനിക്കിലും ധാരാപാത്തി കാണാനും വൻ തിരക്ക്

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ പരമ്പരാഗത ആയുർവേദ ചികിത്സാഉപകരണങ്ങൾ കാണാനും ജീവിതശൈലി രോഗങ്ങളായ വാതരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് മരുന്നുവാങ്ങാനും വൻ തിരക്ക്. മേള ചൊവ്വാഴ്ച സമാപിക്കും. പാരമ്പര്യ ആയുർവേദ ചികിത്സാരീതിയായ ധാരയിൽ ഉപയോഗിക്കുന്ന ധാരാ പാത്തിയും അനുബന്ധ ഉപകരണങ്ങളും കാണാനാണ് തിരക്ക്. ശിരസിൽ ചെയ്യുന്ന മൂർദ്ധധാര, ശരീരം ഒട്ടാകെ നടത്തുന്ന സർവാഗംധാര, ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് മാത്രമായി ചെയ്യുന്ന ഏകാംഗധാര എന്നിവയ്ക്ക് ഉപയോഗിക്കുന്ന പാത്തിയും ഇവിടെയുണ്ട്.

ചരകസംഹിതയിൽ പരാമർശിക്കുന്ന വിവിധ സ്വേദ ചികിത്സകൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങൾ, ചൂട് പ്രയോഗം വഴി വ്യക്തിയിൽ വിയർപ്പ് ഉത്പാദിപ്പിക്കാൻ സ്വേദത്തിന് ഉപയോഗിക്കുന്ന വിവിധതരം യന്ത്രങ്ങളും അവയുടെ പ്രവർത്തനരീതികളും മേളയിൽ വിശദമാക്കുന്നു. തീ കൊണ്ട് വിയർപ്പിക്കുന്ന ആവിക്കുളി യന്ത്രം,​ വസ്തി യന്ത്രം,​ പൂവരശിൽ തീർത്ത മസാജിംഗ് ചെയർ, ആര്യവേപ്പ്, കാഞ്ഞിരം തുടങ്ങി പതിനൊന്ന് ഔഷധ മരങ്ങളിൽ തീർത്ത ആയുർകോട്ട്, ആര്യവേപ്പിൽ തീർത്ത മെതിയടി, രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായകമായ ഹാൻഡ് മസാജർ, കാഞ്ഞിരത്തിൽ തീർത്ത ബോഡി മസാജർ എന്നിവയും മേളയിലുണ്ട്.

ക്ലിനിക്കുകളിലും തിരക്ക്

അമിതവണ്ണം മുതൽ ഹൃദ്രോഗം വരെയുള്ള വിവിധ അസുഖങ്ങൾക്ക് ജി.എ.എഫിൽ സൗജന്യ ചികിത്സയും ഔഷധങ്ങളും ലഭ്യമാകും. ആയുർവേദ എക്സ്‌പോ പവലിയനോടു ചേർന്നാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. 25 വ്യത്യസ്ത സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ മികച്ച ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ്, പി.സി.ഒ.ഡി തുടങ്ങിയ രോഗങ്ങൾക്കുള്ള ഗുളിക രൂപത്തിലുള്ള ഔഷധങ്ങൾക്കാണ് പ്രിയം. ഹൃദ്രോഗ കാരണങ്ങളായ ഹൈപ്പർ ടെൻഷൻ, കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള ഗുളികകളാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL