കൊച്ചി: ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളെ മറികടന്ന് ഹൈബ്രിഡ് കാറുകളുടെ വില്പന കുതിക്കുന്നു. വൈദ്യുതി വാഹനങ്ങളേക്കാൾ വിശ്വാസ്യത ഹൈബ്രിഡ് വാഹനങ്ങൾക്ക് ലഭിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈർഡർ, ടോയോട്ട ഇന്നോവയുടെ ഹൈക്രോസ്, ഹോണ്ട സിറ്റി എന്നിവയുടെ വില്പനയാണ് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നത്. മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങളോട് പ്രതിപത്തി കൂടുന്നതാണ് ഹൈബ്രിഡ് കാറുകൾക്ക് പ്രിയം കൂട്ടുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിനില്ലാത്തതിനാൽ ഉപഭോക്താക്കൾ ഹൈബ്രിഡ് കാറുകൾ കൂടുതലായി വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുകയാണെന്നും മുൻനിര ഡീലർമാർ പറയുന്നു.
നവംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ചേർന്ന് 24,062 ഹൈബ്രിഡ് കാറുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവിൽ ഇന്ത്യയൊട്ടാകെ 21,445 വൈദ്യുതി കാറുകളാണ് വിറ്റഴിച്ചത്. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ശൃംഖലയിൽ 16 മോഡലുകളും ഹൈബ്രിഡ് വാഹനങ്ങളിൽ നാല് മോഡലുകളുമാണ് വിപണിയിലുള്ളത്. ഹൈബ്രിഡ് വാഹനങ്ങളുടെ വില്പന തുടർച്ചയായി മുകളിലേക്ക് നീങ്ങുന്ന ട്രെൻഡാണ് ദൃശ്യമാകുന്നതെന്ന് കാർ വിപണിയിലുള്ളവർ പറയുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ മൊത്തം 25,200 വൈദ്യുത വാഹനങ്ങളുടെ വില്പനയാണ് നടന്നത്. അതേസമയം ഇക്കാലയളവിൽ ഹൈബ്രിഡ് കാറുകളുടെ വില്പന 14,400 മാത്രമായിരുന്നു. എന്നാൽ നിലവിൽ ഉപഭോക്താക്കൾക്ക് ഹൈബ്രിഡ് കാറുകളോട് താത്പര്യം കൂടുകയാണ്.
ഹൈബ്രിഡ് കാർ വില്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാരുതി സുസുക്കി
ഹൈബ്രിഡ് കാറുകൾക്ക് മികച്ച വാങ്ങൽ താത്പര്യം ലഭിക്കുന്നതിനാൽ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് മാരുതി സുസുക്കിയുടെ വില്പന, വിപണന വിഭാഗം മേധാവി ശശാങ്ക് ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഇലക്ട്രിക് കാറുകളേക്കാൾ മികച്ച വില്പന നേടാൻ മാരുതിയുടെ ഹൈബ്രിഡ് കാറുകൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ഹൈബ്രിഡ് വാഹനങ്ങളാണ് കൂടുതൽ സുരക്ഷിതവും ലാഭകരവുമെന്ന ചിന്ത ഉപഭോക്താക്കളിൽ ശക്തമാണെന്നും ഡീലർമാർ കൂട്ടിച്ചേർത്തു. സിറ്റികളിൽ ഡ്രൈവ് ചെയ്യുമ്പോൾ ഹൈബ്രിഡ് വാഹനങ്ങൾക്ക് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതാണ് ഉപഭോക്താക്കൾക്ക് ആവേശം സൃഷ്ടിക്കുന്നത്.
ഹൈബ്രിഡ് വാഹനങ്ങൾ
ഇന്റേണൽ കമ്പസ്റ്റിൻ എൻജിനും ഇലക്ട്രിക് മോട്ടോറുമുള്ള വാഹനങ്ങളാണ് ഹൈബ്രിഡ് കാറുകൾ, ഇവയിൽ രണ്ട് ബാറ്ററികളുണ്ടാകും. പെട്രോളിലും ബാറ്ററിയിലും ഓടുന്ന വാഹനങ്ങളാണിത്.
ഉയർന്ന നികുതി വെല്ലുവിളി
ഹൈബ്രിഡ് കാറുകൾക്ക് കേന്ദ്ര സർക്കാർ ഈടാക്കുന്ന ഉയർന്ന നികുതിയാണ് കമ്പനികളെ വലയ്ക്കുന്നത്. വൈദ്യുതി വാഹനങ്ങൾക്ക് അഞ്ച് ശതമാനം ചരക്ക് സേവന നികുതി ഈടാക്കുമ്പോൾ ഹൈബ്രിഡ് കാറുകൾക്ക് 43 ശതമാനമാണ് ജി. എസ്. ടി ഈടാക്കുന്നത്. അതേസമയം വാഹന വില വൈദ്യുതി വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹൈബ്രിഡ് കാറുകൾക്ക് കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |