SignIn
Kerala Kaumudi Online
Saturday, 27 July 2024 5.12 AM IST

കുട്ടിയെ തട്ടിയെടുത്ത സംഭവം അന്വേഷണത്തിലെ പൊരുത്തക്കേടുകൾ

k

കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വൻ തുക ആവശ്യപ്പെടുന്ന കൊള്ളസംഘങ്ങളുടെ കഥ പഴയകാല സിനിമകളിൽ നാം കണ്ടിട്ടുള്ളതാണ്. മോചനദ്രവ്യം നൽകാത്ത കുട്ടികളെ പിന്നീട് എന്നേയ്ക്കുമായി കാണാതാകുകയോ അതല്ലെങ്കിൽ കുട്ടിയെ വകവരുത്തിയ ശേഷം വഴിയിൽ തള്ളുകയോ ചെയ്യുന്ന സംഭവങ്ങളും സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് 'റിയൽ ലൈഫി'ലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ അരങ്ങേറുന്നുവെന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം ഗണ്യമായി ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ 399 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്. 2021ൽ 364, 2020ൽ 307 കേസുകൾ വീതം രജിസ്റ്റർ ചെയ്തു. ഇത്തരം കേസുകളിൽ അന്വേഷണം വേണ്ടവിധം മുന്നോട്ട് പോകാതിരിക്കുകയോ അന്വേഷണം ഉപേക്ഷിക്കുകയോയാണ് പതിവ്. പലതും വാർത്താപ്രാധാന്യം നേടാത്തതിനാൽ മാത്രമാണ് സമൂഹം അറിയപ്പെടാതെ പോകുന്നത്. കൊല്ലത്ത് ഓയൂരിൽ നിന്ന് നവംബർ 27ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്താകെ വൻ ജനശ്രദ്ധനേടിയപ്പോൾ ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ അന്വേഷണത്തിലുണ്ടാകുന്ന പാളിച്ചകളും ഏറെ ചർച്ചയായി. രാപകലില്ലാതെ വാർത്താ ചാനലുകളും ജനങ്ങളും ഉണർന്നിരുന്നപ്പോൾ തട്ടിയെടുത്തവർ ഗത്യന്തരമില്ലാതെ 21 മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ നഗരമദ്ധ്യത്തിലെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചപ്പോഴാണ് പൊലീസിനും ആശ്വാസമായത്. കുട്ടിക്ക് ഒരു പോറൽ പോലും ഏറ്റില്ലെന്നതിൽ കുടുംബാംഗങ്ങളോടൊപ്പം കേരളീയർ ഒന്നടങ്കം ആശ്വാസം കൊണ്ടു. കുട്ടിയെ തട്ടിയെടുത്ത് പിന്നീട് ഉപേക്ഷിക്കും വരെയും പൊലീസ് നാടാകെ അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും കുട്ടിയെയോ പ്രതികളെയോ കണ്ടെത്തിയില്ലെന്നത് പൊലീസ് അന്വേഷണത്തിലെ പാളിച്ചകളെ തുറന്നുകാട്ടുന്നതായി. എന്നാൽ പിന്നീട് ഉണർന്ന് പ്രവർത്തിച്ച പൊലീസ്, ഒരു കുടുംബത്തിലെ മൂന്ന് പേരെ പ്രതികളായി കണ്ടെത്തി അറസ്റ്റ് ചെയ്തത് അഭിനന്ദനം ഏറ്റുവാങ്ങി.

കേസിലെ പൊരുത്തക്കേടുകൾ

27ന് വൈകിട്ടാണ് ഓയൂർ പൂയപ്പള്ളിയിൽ നിന്ന് ആറുവയസ്സുകാരി സഹോദരനൊപ്പം ട്യൂഷൻ പഠിക്കാനായി പോകവെ കാറിലെത്തിയ സംഘം തട്ടിയെടുത്തത്. സഹോദരനെയും പിടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സഹോദരൻ നൽകിയ മൊഴിയിലെ വിവരങ്ങളാണ് കേസന്വേഷണത്തിൽ പൊലീസിന് പിടിവള്ളിയായത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിരാജിൽ കെ.ആർ പദ്മകുമാർ, ഭാര്യ എം.ആർ അനിതകുമാരി, ഏകമകൾ പി.അനുപമ എന്നിവരെയാണ് കേസിലെ പ്രതികളാക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും മാത്രമാണ് പ്രതികളെന്ന പൊലീസ് വാദമാണ് ഇപ്പോൾ സംശയങ്ങൾക്കി‌ട നൽകുന്നത്. കുട്ടിയെ തട്ടിയെടുത്ത കാറിൽ സ്ത്രീകളടക്കം നാലുപേർ ഉണ്ടായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്. സംഭവത്തിലെ ആദ്യഹീറോ ആ സഹോദരനാണെന്ന് വിശേഷിപ്പിച്ച എ.ഡി.ജി.പി എം.ആർ അജിത്കുമാർ പറഞ്ഞത് മൂന്നുപേർമാത്രമേ കാറിലുണ്ടായിരുന്നുള്ളുവെന്നാണ്. അപ്പോഴത്തെ അങ്കലാപ്പിൽ സഹോദരന് 4 പേരെന്ന് തോന്നിയതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കാറിലുണ്ടായിരുന്നത് നാലംഗ ക്വട്ടേഷൻ സംഘമാകാമെന്നാണ് ലഭ്യമായ സൂചന. മൂന്ന് പ്രതികൾ മാത്രമെന്ന് പറഞ്ഞ പൊലീസ് ആദ്യ ദിവസം മറ്റൊരാളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. പൊലീസ് പറയുന്ന പ്രകാരം പദ്മകുമാറും ഭാര്യ അനിതകുമാരിയും പാരിപ്പള്ളി കിഴക്കനേലയിലെ ഒരു കടയിൽ സാധനം വാങ്ങാൻ പോയിരുന്നു. അവിടെ നിന്ന് ഫോൺ വാങ്ങിയാണ് 6 വയസ്സുകാരിയുടെ മാതാവിനെ വിളിച്ച് കുട്ടിയെ വിടാൻ 5 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടത്. സ്ത്രീക്കൊപ്പമുള്ള പുരുഷന്റേതെന്ന് പറഞ്ഞ് തയ്യാറാക്കിയ രേഖാചിത്രത്തിന് പദ്മകുമാറുമായി നേരിയ സാദൃശ്യം പോലുമില്ലായിരുന്നു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഒറ്റ ഫോൺ കോളാണ് വന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആദ്യം 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺകോൾ വന്നത് ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്നതിലും സംശയമുണ്ട്. പ്രതികൾ തങ്ങളുടെ ഓപ്പറേഷനിലുടനീളം ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ പൊലീസ്, മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ നോക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന വാദത്തിലും പൊരുത്തക്കേടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പ്രതികളുടെ ഫോൺ ആശ്രാമം മൈതാനത്തെ ടവർ പരിധിയിലുണ്ടായിരുന്നുവെന്ന പൊലീസ് വാദത്തിലും വൈരുദ്ധ്യമുണ്ട്. പദ്മകുമാർ തന്റെ കടബാദ്ധ്യത തീർക്കുന്നതിന്റെ ഭാഗമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പറയുന്നത്. 5 കോടിയുടെ ബാദ്ധ്യതയുള്ള പദ്മകുമാർ വെറും 10 ലക്ഷം രൂപയ്ക്കായി കുട്ടിയെ തട്ടിക്കൊണ്ടു പോകുമോ എന്ന സംശയമാണുയരുന്നത്. പോളച്ചിറയിൽ മൂന്നേക്കർ പുരയിടവും തമിഴ്നാട്ടിൽ ഫാം ഹൗസും നാട്ടിൽ ആഡംബര വീടും രണ്ട് കാറുകളുമുള്ള ഇയാൾക്ക് ഇതിൽ കുറെ വില്പന നടത്തിയാലും തീർക്കാവുന്ന കടമേയുള്ളു. യു ട്യൂബറായ മകൾ അനുപമയ്ക്ക് മാസം 3.5 മുതൽ 5 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നുവത്രെ. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ശേഷം അനിതകുമാരിയും പദ്മകുമാറും ഓട്ടോ റിക്ഷയിൽ കൊല്ലം നഗരത്തിലെ ബിഷപ്പ് ജെറോം നഗറിൽ എത്തിയിരുന്നതായി പൊലീസ് പറയുന്നുണ്ട്. മഞ്ഞ ചുരിദാർ ധരിച്ച സ്ത്രീ ആശ്രാമം മൈതാനത്ത് നിന്ന് ഓട്ടോയിൽ കയറിയതായി ഒരു ഓട്ടോ ഡ്രൈവറും വെളിപ്പെടുത്തിയിട്ടില്ല. ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്നിറക്കുമ്പോൾ രണ്ട് പൊലീസ് ജീപ്പുകൾ ഇരുദിശയിലേക്കും പോകുന്നതായി തൊട്ടടുത്ത ബാർഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിലുണ്ട്. പൊലീസ് കുട്ടിയെ കണ്ടെത്താൻ വ്യാപകമായി വലവിരിച്ചുവെന്ന് പൊലീസ് പറയുമ്പോഴാണ് ഇതെന്നതും സംശയം ഉണർത്തുന്നതാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പദ്മകുമാർ ചുമതലപ്പെടുത്തിയ ക്വട്ടേഷൻ സംഘം ഉണ്ടായിരുന്നുവെന്ന് തന്നെയാണ് നാട്ടുകാർ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. പ്രതികൾ ഇപ്പോൾ റിമാന്റിലാണ്.

അന്വേഷണം ക്രൈംബ്രാഞ്ചിന്

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ഡി.ഐ.ജി ആർ. നിശാന്തിനി ഉത്തരവിറക്കി. ഡിവൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. റിമാന്റിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേകസംഘം കൊട്ടാരക്കര ഒന്നാംക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

ആദ്യം അറസ്റ്റിലായ മൂന്ന് പ്രതികൾ മാത്രമാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ വെളിപ്പെടുത്തലിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയരുകയും പൊലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നാണ് കരുതുന്നത്. വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി സാധാരണ കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകുമോയെന്ന നാട്ടുകാരുടെ സംശയത്തിനും തുടരന്വേഷണത്തിൽ വ്യക്തത കൈവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.