കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം കടവുകളെ ബന്ധിപ്പിക്കുന്ന ജങ്കാർ സർവീസ് പൂർണമായി നിറുത്തി ബോട്ട് സർവീസ് ആരംഭിക്കും. പാലം നിർമ്മാണം പൂർത്തിയാകും വരെയാകും സർവീസ്. ഇതിനായി കടവുകളൊരുക്കുന്ന പ്രവർത്തനമാരംഭിച്ചു.
പാലം നിർമ്മാണ പ്രവർത്തനത്തിന് തടസമാകുമെന്നതിനാലാണ് ജങ്കാർ സർവീസ് നിറുത്തുന്നത്. ഇതോടെ, ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എം.ബി.മുസിരിസ് ജങ്കാർ ലേലം ചെയ്ത് വിൽക്കാനുള്ള നടപടി ജില്ലാ പഞ്ചായത്ത് ആരംഭിച്ചു. അഴീക്കോട് മുനമ്പം പാലം നിർമ്മാണ പ്രവർത്തനമാരംഭിച്ചതിനാൽ ജങ്കാർ സർവീസ് നിറുത്തിവയ്ക്കണമെന്ന് പാലം നിർമ്മാണ ചുമതലയുള്ള കെ.ആർ.എഫ്.ബി.പി.എം.യു എറണാകുളം, തൃശൂർ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജങ്കാർ സർവീസിന്റെ നിലവിലുണ്ടായിരുന്ന കാലവധി അവസാനിക്കുന്ന കഴിഞ്ഞ നവംബർ അഞ്ചിന് സർവീസ് നിറുത്തി വയ്ക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഇത് പ്രദേശത്ത് യാത്രാക്ലേശം ഉണ്ടാക്കുമെന്നതിനാൽ ഇരുവശവുമുള്ള എം.എൽ.എമാർ സംഭവത്തിൽ ഇടപെട്ട് പാലം നിർമ്മാണത്തിന് തടസം ഉണ്ടാകുംവരെ സർവീസ് പോകുന്നിടത്തോളം പോകട്ടെ എന്ന നിലപാടുമായി രംഗത്തുവന്നു. അതുകൊണ്ടാണ് ഇന്നും ജങ്കാർ സർവീസ് പ്രവർത്തനം തുടരുന്നത്. എന്നാൽ ഇത് ഏറെത്താമസിയാതെ അവസാനിപ്പിക്കാനാണ് തീരുമാനം. സുനാമി ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി സെഞ്ച്വറി ഷിപ്പ് യാർഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിർമ്മിച്ച് കേരള ഇൻലാൻഡ് നാവിഗേഷൻ മുഖേന 2008 ഒക്ടോബർ 19 നാണ് ജങ്കാർ ജില്ലാ പഞ്ചായത്തിന് കൈമാറിയത്. ജങ്കാർ സർവീസ് ജനങ്ങളുടെ ആവശ്യാർത്ഥം തനത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സർവീസ് നടത്തിവന്നിരുന്നത്.
പിന്നിൽ ധനനഷ്ടമുണ്ടാകുമെന്ന ആശങ്കയും
കഴിഞ്ഞ നവംബർ 19ന് ജങ്കാറിന്റെ ഡ്രൈ ഡോക്ക് സർവേയുടെ കാലവധി അവസാനിച്ചു. ഡ്രൈ ഡോക്ക് സർവേ ചെയ്യുന്നതിന് 30 ലക്ഷം രൂപയോളം ജില്ലാ പഞ്ചായത്തിന് അധിക ബാദ്ധ്യതയുണ്ടാകും. ജില്ലയിൽ മറ്റൊരിടത്തും സർവീസ് ആവശ്യമില്ല എന്ന കാരണവും ജങ്കാർ ഉപേക്ഷിക്കാൻ കാരണമായി. ജങ്കാർ സൂക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് സാങ്കേതിക പരിജ്ഞാനം ഇല്ല. അതിനാൽ ജങ്കാർ കൂടുതൽ ധനനഷ്ടം ഉണ്ടാക്കുമെന്ന കാരണത്താലാണ് വിൽപ്പനയ്ക്ക് മുതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |