പാലക്കാട്: പണി പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്തതിനാൽ പറളി വനിത ജിംനേഷ്യത്തിലെ ഉപകരണങ്ങൾ തുരുമ്പെടുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും പറളി പഞ്ചായത്തിന്റെ അഞ്ചുലക്ഷവും ഉൾപ്പെടെ ആകെ 15 ലക്ഷം ഉപയോഗിച്ചാണ് വനിതകൾക്കായി ജിംനേഷ്യമെന്ന പദ്ധതി നടപ്പാക്കുന്നത്.
ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചിട്ട് മൂന്നുമാസം പിന്നിട്ടെങ്കിലും ഉദ്ഘാടനം നടത്തി തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉദ്ഘാടനം വൈകുന്നതിൽ വനിതകൾ ഉൾപ്പെടെയുള്ള ജനം വലിയ അമർഷത്തിലാണ്. ജിംനേഷ്യം തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പറളി സഹകരണ ബാങ്കിന് എതിർവശത്തെ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലെ ഹാളിലാണ് ഉപകരണങ്ങൾ ഇറക്കി വെച്ചിരിക്കുന്നത്. ഇവ താൽക്കാലികമായി ക്രമീകരിച്ചതോടെ ഹാൾ നിറഞ്ഞു. വർക്ക് ഔട്ട് ചെയ്യുന്നതിനും വസ്ത്രം മാറുന്നതിനും സ്ഥലമില്ല. മാത്രമല്ല, ശൗചാലയ സൗകര്യവുമില്ല. ഈ കാരണങ്ങളാൽ പുതിയ കെട്ടിടം കണ്ടെത്തുന്നതിന് ശ്രമിക്കുകയായിരുന്നു പഞ്ചായത്ത്.
പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ സ്വന്തം കെട്ടിടത്തിലേക്ക് ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ച് അവിടെ ജിംനേഷ്യം സജ്ജീകരിക്കും. വനിത ജിംനേഷ്യത്തിനായി കെട്ടിടം ഉപയോഗിക്കാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികൾ വൈകാതെ പൂർത്തിയാക്കും. പരിശീലകനെ കണ്ടെത്തി ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.
-കെ.രേണുകാദേവി, പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |