പട്ടാമ്പി: മുതുതല പഞ്ചായത്തിലെ പ്രശസ്തമായ മാടായി ശ്രീലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. ജലസേചന വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതിയിൽ നിന്നനുവദിച്ചിട്ടുള്ള 90 ലക്ഷമാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
എം.എൽ.എ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രക്കുളം ജലസേചന വകുപ്പിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ക്ഷേത്രക്കുളം നവീകരിക്കണമെന്ന നിവേദനവുമായി ക്ഷേത്ര ഭാരവാഹികളും പദ്ധതിയുടെ ഉപഭോക്താക്കളായ കർഷകരും പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എ.യെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളം നവീകരിക്കുന്നതിന് നിർദ്ദേശം നൽകിയത്. നിലവിൽ അരികിടിഞ്ഞും പടവുകളില്ലാതെയും കുളക്കടവ് തകർന്ന സ്ഥിതിയിലാണ്. കുളത്തിൽ മണ്ണിടിഞ്ഞ് ചളിയും മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ്.
പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, വി.ടി.നാരായണൻ, രവികുമാർ, ശങ്കരൻക്കുട്ടി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, നാരായണൻ എമ്പ്രാന്തിരി, മണികണ്ഠൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
15 ഹെക്ടർ കൃഷിക്ക് ഉപകാരപ്രദം
പദ്ധതിയുടെ ഭാഗമായി കുളത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് ആഴവും വീതിയും കൂട്ടും. പടവുകളും രണ്ട് കടവുകളും കൈവരിയോടുള്ള നടപ്പാതയും ചുറ്റുമതിലും നിർമ്മിക്കും. കുളം നവീകരണം വഴി പ്രദേശത്തെ 15 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യം ഉറപ്പു വരുത്തും. വേനൽക്കാലത്തെ ജലദൗർലഭ്യം പരിഹരിക്കും. പ്രദേശത്തെ മറ്റ് ജലസ്ത്രോതസുകളിലെ ജലവിതാനം ഉയർത്താനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |