നീലേശ്വരം:സി.പി.എം മുൻ ജില്ലാകമ്മിറ്റിയംഗവും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി അടിസ്ഥാനഘടകമായ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ടത് നീലേശ്വരത്തെ വി.എസ് ഓട്ടോസ്റ്റാൻഡ് കേന്ദ്രീകരിച്ച വിഭാഗീയ പ്രവർത്തനത്തെ ഇല്ലാതാക്കിയതിന്റെ മധുരപ്രതികാരം.സംസ്ഥാനതലത്തിൽ തന്നെ പാർട്ടിക്ക് ഒരു ഘട്ടത്തിൽ തലവേദനയായ നീലേശ്വരത്തെ വിഭാഗീയതയെ പൂർണമായി ഇല്ലാതാക്കിയ മുൻ ഏരിയാസെക്രട്ടറിയ്ക്ക് ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണവുമായി ബന്ധപ്പെടുത്തിയാണ് പാർട്ടിയുടെ പുറത്തേക്കുള്ള വഴി തുറക്കുന്നത്.
ഈ വിഷയങ്ങളിലെല്ലാം കൃത്യമായി അറിവുള്ള ജില്ലാനേതൃത്വം തനിക്കെതിരെയുള്ള ആരോപണത്തിൽ മൗനം പാലിച്ചതിൽ പരിതപിച്ചാണ് തന്റെ ഭാഗം വിശദീകരിക്കാൻ ടി.കെ.രവി തയ്യാറാകാതിരുന്നത്.ഇത് മുതലെടുത്ത് തുടർപരാതികളയച്ച് നേതൃത്വത്തിനെ നടപടിയെടുക്കാൻ നിർബന്ധിതരാക്കുകയായിരുന്നു നീലേശ്വരത്തെ മുൻ വി.എസ് പക്ഷം.
നീലേശ്വരം കേന്ദ്രീകരിച്ച് വി.എസ് ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ടി.കെ.രവി ഏരിയാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗികപക്ഷത്തിനെതിരെ പരസ്യമായ പ്രതിഷേധിച്ചതടക്കം സംസ്ഥാനതലത്തിൽ തന്നെ നീലേശ്വരത്തെ വി.എസ് ഓട്ടോസ്റ്റാൻഡ് കേന്ദ്രീകരിച്ച് വിഭാഗീയ പ്രവർത്തനം ചർച്ചയായിരുന്നു. എന്നാൽ മൂന്നുതവണ ഏരിയാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രവി ഘട്ടംഘട്ടമായി വിഭാഗീയപ്രവർത്തനത്തെ ഇല്ലാതാക്കുകയും ഇതിന് നേതൃത്വം നൽകിയിരുന്നവരെ പ്രധാന പദവികളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. ഈ ഘട്ടത്തിൽ തന്നെയാണ് ഏരിയാകമ്മിറ്റിയ്ക്ക് ഓഫീസ് നിർമ്മിക്കുന്നതിനും തുടക്കമിട്ടത്.
കെട്ടിടനിർമ്മാണത്തിനായി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ചിട്ടിയുടെ പേരിലാണ് ടി.കെ.രവിയ്ക്കെതിരെയുള്ള നടപടി. നീലേശ്വരത്തുകാരനായ സംസ്ഥാനകമ്മിറ്റിയംഗമടക്കമുള്ളവരുടെ കൃത്യമായ അറിവോടെയായിരുന്നു ചിട്ടി നടത്തിപ്പ്. എന്നാൽ പാർട്ടി പിന്നീട് ഇറക്കിയ തെറ്റുതിരുത്തൽ മാർഗരേഖയിൽ നേരിട്ട് ചിട്ടി പോലുള്ള ഇടപാടുകൾ നടത്തരുതെന്ന നിർദ്ദേശം വന്നതോടെ നീലേശ്വരം ഏരിയാനേതൃത്വത്തിലായിരുന്ന രവി പ്രതിക്കൂട്ടിലായി. ചിട്ടിയിൽ കൂട്ടുത്തരവാദിത്തമുണ്ടായിരുന്ന വി.എസ് അനുകൂലിയായ മുൻ ഏരിയാസെക്രട്ടറിയെ മാറ്റിനിർത്തിയാണ് ഈ വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് നീലേശ്വരത്ത് നിന്ന് തുടർച്ചയായി പരാതികൾ പോയത്. മുൻ ഏരിയാസെക്രട്ടറിയുടെ വീട്ടിൽ വച്ചായിരുന്നു ഈ ചിട്ടി നടത്തിയതും. പരാതി അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഏരിയാസെക്രട്ടറിയായിരുന്ന ടി.കെ.രവിയുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തുകയായിരുന്നു.
ഏരിയാസെക്രട്ടറി പദവിയിൽ മൂന്നു ടേം പൂർത്തിയാക്കിയ ടി.കെ.രവിയെ ജില്ലാകമ്മിറ്റിയംഗമാക്കുകയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് പദവി മുൻ നിർത്തി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറക്കുകയും ചെയ്തു. ഈ ഘട്ടത്തിലും രവിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് സംസ്ഥാനനേതൃത്വത്തിന് മുന്നിൽ കത്തുകളെത്തി. സി.പി.എമ്മിന് മികച്ച ഭൂരിപക്ഷമുള്ള കരിന്തളത്തെ അഞ്ചാംവാർഡിൽ രവിയെ തോൽപ്പിക്കാനുള്ള ശ്രമവുംനടന്നു. കേവലം 51 വോട്ടിന് മാത്രമായിരുന്നു ജയം. സുരക്ഷിതമായ വാർഡിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ താൻ നേരത്തെ മത്സരിച്ച വാർഡിൽ ഉറച്ചുനിന്നതിനെ ജില്ലാ നേതാക്കളിൽ ചിലർ വിമർശിക്കുകയും ചെയ്തു.
ഏരിയാകേന്ദ്രത്തിൽ നിന്ന് പ്രവർത്തനമേഖല കരിന്തളത്തേക്ക് മാറിയതിന് പിന്നാലെയാണ് നീലേശ്വരത്തെ മുൻ വി.എസ് ഗ്രൂപ്പും ജില്ലാനേതൃത്വത്തിലെ ചില നേതാക്കളുടെ പിന്തുണയോടെയുള്ള എതിർനീക്കം ശക്തമായത്. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തള്ളിയ ആരോപണത്തോടൊപ്പം കരിന്തളത്ത് ഉഡുപ്പി-വയനാട് 400 കെ.വി വൈദ്യുതി ലൈനിൽ സ്ഥലം നൽകുന്നതിന്റെ മറവിൽ പത്തുലക്ഷം കൈപ്പറ്റിയെന്ന ആക്ഷേപവും കത്തുകളിലൂടെ സംസ്ഥാനനേതൃത്തിന് മുന്നിലെത്തി. നീലേശ്വരത്തെ വി.എസ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ച പ്രാദേശിക നേതാക്കളിലൊരാളായിരുന്നു പരാതിക്കാരൻ. ജില്ലാനേതാക്കളിൽ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ പാർട്ടി അന്വേഷണകമ്മിഷനെ നിയോഗിച്ചപ്പോൾ സഹകരിക്കാൻ ടി.കെ.രവി തയ്യാറായതുമില്ല. ജില്ലാനേതൃത്വത്തിന് അറിവുള്ള വിഷയം താൻ പറഞ്ഞ് അറിയേണ്ടതില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ വിശദീകരിച്ച കണക്ക് വീണ്ടും അവതരിപ്പിക്കുന്നതിലും ഇതെ നിലപാട് സ്വീകരിച്ചതോടെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നടപടിയിൽ പ്രതിഷേധിച്ച് തുടർന്ന് നടന്ന ഏരിയാകമ്മിറ്റിയോഗങ്ങളിൽ ഒന്നിൽപോലും പങ്കെടുക്കാതിരുന്നതോടെ ടി.കെ.രവിയെ അടിസ്ഥാനഘടകമായ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനം എത്തുകയായിരുന്നു.പാർട്ടി ലെവി അടക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
പുറത്ത് പോകുന്നത് മികച്ച സംഘാടകൻ,പ്രാസംഗികൻ
ബാലസംഘത്തിലൂടെ പ്രവർത്തനം തുടങ്ങി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃനിരയിൽ പ്രവർത്തിച്ചുതുടങ്ങിയ ഘട്ടത്തിൽ തന്നെ ജില്ലയിലെ മികച്ച പ്രാസംഗികനായും സംഘാടകനായും അറിയപ്പെട്ട ടി.കെ.രവി നേതൃത്വത്തിന്റെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനനേതൃത്വത്തിന് നിരന്തരം തലവേദനയായിരുന്ന നീലേശ്വരത്തെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയുള്ള വി.എസ് ഓട്ടോ സ്റ്റാൻഡ് വിഷയത്തെ ഒതുക്കിയതോടെ സംസ്ഥാന നേതൃത്വത്തിനും ടി.കെ.രവിയോട് വലിയ മതിപ്പായിരുന്നു. പല ഘട്ടങ്ങളിലും ഗുരുതരമായ അച്ചടക്കനടപടികൾക്ക് വിധേയരായ നേതാക്കൾ പാർട്ടിയുടെ ജില്ലാനേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ട സാഹചര്യത്തിലും ജില്ലാനേതൃത്വത്തിന് മനസറിവുള്ള വിഷയത്തിന്റെ പേരിൽ നടപടിക്കിരയായി പുറത്തേക്ക് പോകുന്ന ടി.കെ.രവിയുടെ അനുഭവം വലിയൊരു വിഭാഗം അണികളിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |